തിരുവനന്തപുരം: ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പര്‍മാരാവാനുള്ള മത്സരത്തില്‍ മുന്‍നിരയിലുള്ള താരങ്ങളാണ് ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും. ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച താരം പന്താണ്. എന്നാല്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായതോടെ രണ്ടു പേര്‍ക്കും തിരിച്ചടിയായിരുന്നു. സഞ്ജുവിനെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ആയിരുന്നു ടീമില്‍ എടുത്തിരുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ സഞ്ജുവും പന്തും ടീമില്‍ തിരികെ എത്തുന്നതുമായുള്ള തര്‍ക്കങ്ങളും ഉണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിക്കുന്നതിന് ഋഷഭ് പന്തുമായി യാതൊരുവിധ മത്സരവുമില്ലെന്ന് സഞ്ജു തുറന്നു പറഞ്ഞു.
ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനായി ഋഷഭ് പന്തുമായി മത്സരിക്കുന്നതിനേക്കുറിച്ചല്ല, പന്തിനൊപ്പം ടീമില്‍ ഒരുമിച്ചു കളിക്കുന്നതിനെക്കുറിച്ചാണ് താന്‍ ചിന്തിക്കാറെന്നും ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഒരുമിച്ച് കളിക്കുന്ന കാലത്തെ പന്ത് തന്റെ അടുത്ത സുഹൃത്താണെന്നും സഞ്ജു വ്യക്തമാക്കി. ഒരു ദേശീയ മാധ്യമവുമായി സംസാരിക്കുമ്പോഴാണ് സഞ്ജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘ടീമിലെ സ്ഥാനം എപ്പോഴും ടീം കോമ്പിനേഷനുമായി ബന്ധപ്പെട്ടതാണ്. ടീമില്‍ സ്ഥാനത്തിനായി ഋഷഭ് പന്തുമായി മത്സരമുണ്ടെന്ന തരത്തില്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടില്ല. ക്രിക്കറ്റ് താരമെന്ന നിലയില്‍ മറ്റ് കളിക്കാരുടെമേല്‍ കണ്ണുവെച്ച് നമുക്ക് ക്രിക്കറ്റ് കളിക്കാനാവില്ല. ‘ – സഞ്ജു വിശദീകരിച്ചു.
പന്ത് വളരെ പ്രതിഭാധനനായ താരമാണ്. ഒരുമിച്ചുള്ള മത്സരങ്ങള്‍ ഞങ്ങള്‍ വളരെയധികം ആസ്വദിച്ചിരുന്നു. പന്തിനൊപ്പം ഒട്ടേറെ ഇന്നിങ്‌സുകളില്‍ ഞാന്‍ ഒപ്പം കളിച്ചിട്ടുണ്ട്. 2017ലെ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ പന്തുമൊത്ത് 209 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന സംഭവവും സഞ്ജു ഓര്‍ത്തെടുത്തു. അന്ന് സഞ്ജു 31 പന്തില്‍ 61 റണ്‍സും പന്ത് 43 പന്തില്‍ പുറത്താകാതെ 97 റണ്‍സുമാണ് നേടിയത്. ഗുജറാത്ത് ലയണ്‍സിനെതിരായ ആ മത്സരത്തില്‍ മൈതാനത്തിന്റെ നാലുപാടും സിക്‌സറുകള്‍ പായിപ്പിച്ചാണ് 200നു മുകളിലുള്ള വിജയലക്ഷ്യം അടിച്ചെടുത്തത്. പന്തിനൊപ്പമുള്ള ആ കൂട്ടുകെട്ട് ശരിക്കും ആസ്വദിച്ചിരുന്നു’ സഞ്ജു പറഞ്ഞു.
മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം അധികം മത്സരങ്ങളില്‍ കളിക്കാനായിട്ടില്ലെങ്കിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ടെന്നും ധോണിയുടെ കളി ടിവിയില്‍ കണ്ടാല്‍പോലും നമുക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്നും സഞ്ജു പറഞ്ഞു.
Post Your Comments