പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്തോടെ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. ഒരാഴ്ചക്കിടെ ജില്ലാ ആശുപത്രിയിലെ ഇ സി ജി ടെക്‌നീഷ്യന്‍, നഴ്‌സുമാര്‍, ശുചീകരണത്തൊഴിലാളികള്‍, ക്ലര്‍ക്കുമാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരടക്കം 14 ജീവനക്കാരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ പലര്‍ക്കും രോഗം വന്നതെങ്ങിനെയെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനുളള നടപടികള്‍ തുടങ്ങിയെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. മുഴുവന്‍ ജീവനക്കാരുടെയും പട്ടിക തയ്യാറാക്കി സമ്പര്‍ക്ക വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും, സന്ദര്‍ശകര്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തും. ഓഫീസിലെ സന്ദര്‍ശനം അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാക്കും.
ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ 21 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഓഫീസ് ജീവനക്കാരുമായുളള സമ്പര്‍ക്കത്തെതുടര്‍ന്ന് ഒ പി വിഭാഗത്തിലെ ജീവനക്കാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. അതേസമയം ആശുപത്രി ജീവനക്കാരിലെ രോഗബാധയെക്കുറിച്ച് നിലവില്‍ ആശങ്കപെടേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Post Your Comments