Latest NewsNews

സംസ്ഥാന വനിതാ കമ്മീഷന്‍ നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷന്‍ രാജ്യത്തെ നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മാണ് കോടതിയും പോലീസുമെന്ന വനിതാകമ്മീഷന്‍ അധ്യക്ഷയുടെ അഭിപ്രായം രാജ്യത്തിന്റെ നിയമ വ്യവസ്ഥ അവര്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവുകൂടിയാണ്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാകമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന എം.സി.ജോസഫൈന്‍ കോടതിയെക്കാള്‍ അനുസരിക്കുന്നത് പാര്‍ട്ടിക്കോടതിയെയാണോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Read also: പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ ഞങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല: സിപിഎമ്മിനെതിരെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

സിപിഎം നേതാവ് പി.കെ.ശശിക്കെതിരെ പീഡന പരാതി വന്നപ്പോള്‍ സിപിഎം തന്നെ അന്വേഷണം നടത്തി ശശിയെ രക്ഷപ്പെടുത്തിയതിന് കൂട്ടുനിന്ന ജോസഫൈന്‍ വനിതാകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അവര്‍ അധ്യക്ഷ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം സിപിഎമ്മിനോടു മാത്രമേ കൂറു പുലര്‍ത്തുള്ളൂ എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കേരളത്തിലെ വനിതകള്‍ക്ക് അവരില്‍ നിന്ന് ഒരു നീതിയും ലഭിക്കില്ല. പ്രതിസ്ഥാനത്ത് സിപിഎം നേതാക്കളാണെങ്കില്‍ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനു പകരം സിപിഎം തന്നെ നിയമം നടപ്പിലാക്കുന്ന ശൈലിയാണിപ്പോഴുള്ളത്. രാഷ്ട്രീയ പ്രതിയോഗികളോടും ഇതേ സമീപനമാണ് സിപിഎം പിന്തുടരുന്നത്. തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരെ പാര്‍ട്ടി കോടതികളില്‍ വിചാരണ ചെയ്ത് ശിക്ഷ നടപ്പിലാക്കുന്നു. ഇത്തരത്തില്‍ വധ ശിക്ഷവരെ സിപിഎം നേതാക്കള്‍ നടപ്പിലാക്കിയ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും സംവിധാനങ്ങളോടും യാതൊരു കൂറുമില്ലെന്ന് പരസ്യമായി വ്യക്തമാക്കിയ ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണം. ശശിക്കെതിരായ പീഡനപരാതി ഒത്തു തീര്‍പ്പാക്കി, ഇരയ്ക്ക് നീതിനിഷേധിക്കാന്‍ കൂട്ടുനിന്ന അവരില്‍ നിന്ന് കേരളത്തിലെ ഒരു വനിതയ്ക്കും നീതി ലഭിക്കില്ല. പാര്‍ട്ടി തന്നെ കോടതിയും പോലീസ് സ്റ്റേഷനുമാകുമ്പോള്‍ അരാജകത്വമാണ് പുലരുക. രാജ്യത്തിന്റെ നിയമസംവിധാനങ്ങളെ അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടകളുടെ നിലപാടാണത്. ഇത്തരം സമീപനം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് തന്നെയുണ്ടാകുന്നത് വലിയ ഭീഷണിയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button