KeralaLatest NewsNews

50 ലക്ഷം വീടുകളില്‍ ബി.ജെ.പി സമ്പര്‍ക്കം ചെയ്യും; ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് മെഗാ വെര്‍ച്വല്‍ റാലി

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തിലെ 50 ലക്ഷം വീടുകളിലേക്ക് സമ്പര്‍ക്ക യജ്ഞവുമായി ബിജെപി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5നും 7 ഞായറാഴ്ചയുമാണ് രണ്ടു പേരടങ്ങുന്ന ബിജെപി പ്രവര്‍ത്തകര്‍ വീടുകളിലെത്തുക. കോവിഡ് പ്രതിരോധത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടി വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുന്നു. ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വെര്‍ച്വല്‍ റാലി ഈ മാസം 9, 12 തീയതികളിലാണ്. ഓരോ റാലിയിലും അമ്പതിനായിരം പേര്‍ വീതം പങ്കെടുക്കും.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ജനോപകാര  പദ്ധതികളുടെ വിവരങ്ങളും കോവിഡ് പ്രതിരോധത്തിന്റെ പാഠങ്ങളും അടങ്ങിയ ലഘുലേഖകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വെബ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദേശവും ജനങ്ങള്‍ക്ക് നല്‍കും. അഞ്ചാം തീയതി വീടുകളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ടാണ് പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന് തുടക്കം കുറിക്കുന്നത്.

7ന് സമ്പൂര്‍ണ്ണ സമ്പര്‍ക്കദിനമായാണ് ആചരിക്കുക. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രത്യേകം സ്‌ക്വാഡുകള്‍ ബൂത്തു തലത്തില്‍ തയ്യാറാക്കിയാണ് വീടുകളിലെത്തുക. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സമ്പര്‍ക്ക യജ്ഞം രാജ്യവ്യാപകമായി നടത്തുന്നത്. സമ്പര്‍ക്ക യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനം 5ന് നടക്കും. സമ്പര്‍ക്കത്തില്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

9, 12 തീയതികളില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലിയുടെ നടപടിക്രമങ്ങളെല്ലാം സാധാരണപോലെയാണ് നടക്കുകയെങ്കിലും പങ്കാളിത്തം ഓണ്‍ലൈനിലൂടെയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ വെര്‍ച്വല്‍ റാലിയില്‍ അണിനിരക്കും. കേന്ദ്രമന്ത്രിമാരും പാര്‍ട്ടി അഖിലേന്ത്യാ നേതാക്കളും വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യും. ബിജെപിയുടെ ജില്ലാ, മണ്ഡലം ഘടകങ്ങളും ജനങ്ങളെ പങ്കെടുപ്പിച്ച് ഇത്തരം റാലികള്‍ സംഘടിപ്പിക്കും. ഇങ്ങനെ മുന്നൂറോളം റാലികളാണ് സംസ്ഥാനത്ത് നടത്തുക. വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ അവര്‍ പ്രതിനിധീകരിക്കുന്ന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യത്തോടെ വെര്‍ച്വല്‍ യോഗങ്ങള്‍ നടത്തും. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ പ്രയോജനം ഓരോ ജനവിഭാഗത്തിനും ലഭിക്കുന്നത് സംബന്ധിച്ച് യോഗങ്ങളില്‍ വിശദീകരിക്കും. സ്വദേശി സ്വാശ്രയ സംരംഭങ്ങളെ പ്രത്സാഹിപ്പിക്കുന്നത് സംബന്ധിച്ചും സ്വദേശി ഉല്പന്നങ്ങളുടെ പ്രചാരണം സംബന്ധിച്ചും പ്രചാരണം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button