ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടത്തിയ വംശീയ പരാമർശത്തിൽ മുൻ താരം യുവരാജ് സിങ് വിവാദക്കുരുക്കിൽ. രോഹിത് ശർമയുമായി കഴിഞ്ഞ ദിവസം നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്.താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്.
ഇതോടെ, യുവരാജ് മാപ്പു പറയണം എന്നാവശ്യപ്പെടുന്ന ഹിന്ദി ഹാഷ്ടാഗ് (#युवराज_सिंह_माफी_मांगो) സമൂഹമാധ്യമങ്ങളിൽ വ്യാപകമായി. അർബുദത്തെപ്പോലും തോൽപ്പിച്ച യുവരാജിന് ജാതീയചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നാണ് വിമർശനം.
ലോക്ക് ഡൗണിൽ ടിക്ടോക്ക് വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു യുസ്വേന്ദ്ര ചെഹൽ. കുടുംബാംഗങ്ങളെപ്പോലും പങ്കെടുപ്പിച്ചാണ് ചെഹൽ ടിക്ടോക്കിൽ വിഡിയോ ചെയ്തിരുന്നത്. എന്നാൽ രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഇക്കാര്യം ചർച്ചയായപ്പോഴാണ് ചെഹലിനെ കളിയാക്കാൻ യുവരാജ് വിവാദ പരാമർശം നടത്തിയത്.
ക്രിക്കറ്റ് താരമെന്ന നിലയിൽ യുവരാജിനോട് ബഹുമാനവും ആദരവുമുണ്ടെങ്കിലും ചെഹലിനെതിരെ ഉപയോഗിച്ച വാക്ക് അംഗീകരിക്കാനാകില്ലെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ച ആരാധകരെല്ലാം ചൂണ്ടിക്കാട്ടി. യുവരാജിനെ ടാഗ് ചെയ്ത് ഇതിനകം ആയിരക്കണക്കിനു പേരാണ് താരം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments