KeralaLatest NewsNews

കെ ഫോൺ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ എല്ലാ സഹായവും ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം • കെ ഫോൺ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. 1500 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികൾ ഉൾപ്പെടുന്ന കൺസോർഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎൽ), റെയിൽടെൽ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആർഐടി, എൽഎസ് കേബിൾസ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേർന്നതാണ് കൺസോർഷ്യം. ലോക്ഡൗൺ കാരണം രണ്ടു മാസത്തോളം പ്രവൃത്തി മുടങ്ങിപ്പോയ സാഹചര്യത്തിലാണ് യോഗം നടത്തിയത്. ഈ വർഷം ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോർഷ്യം ലീഡറായ ബിഇഎല്ലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം വി ഗൗതം ഉറപ്പുനൽകി. കൺസോർഷ്യത്തിലെ മറ്റുള്ളവരും ഇതിനോട് യോജിച്ചു.

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് സൗകര്യം നൽകുന്നതോടൊപ്പം വിദ്യാലയങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ മുതലായ പൊതുസ്ഥാപനങ്ങൾക്കും ഈ നെറ്റ്‌വർക്ക് വഴി കണക്ഷൻ ലഭ്യമാക്കും. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോൺ ഉത്തേജനമാകും. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ഊർജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൺസോർഷ്യത്തിലെ എല്ലാ പങ്കാളികളോടും കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാനും ഇവിടെ നിക്ഷേപം നടത്താനും സർക്കാർ അഭ്യർത്ഥിച്ചു.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇൻറർനെറ്റ് ശൃംഖലയായിരിക്കും കെ-ഫോൺ. കോവിഡാനന്തരം ലോകത്തിലെ പ്രധാന വ്യവസായ-വിദ്യാഭ്യാസ-ടൂറിസം കേന്ദ്രമായി കേരളത്തെ വികസിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് കെ-ഫോൺ വലിയ പിന്തുണയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബി. ഇ. എൽ ചെയർമാന് പുറമെ റെയിൽടെക് റീജിണൽ ജനറൽ മാനേജർ ചന്ദ്രകിഷോർ പ്രസാദ്, എസ്. ആർ. ഐ. ടി ചെയർമാൻ ഡോ. മധു നമ്പ്യാർ, എൽ.എസ് കേബിൾസ് ഡയറക്ടർ ജോങ് പോസോൻ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള എന്നിവരും ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ, കെ. എസ്. ഐ. ടി. ഐ. എൽ എം.ഡി. ഡോ. ജയശങ്കർ പ്രസാദ് എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button