Latest NewsKeralaNews

എം പി വീരേന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട്: രാഷ്ട്രീയനേതാവും സാഹിത്യകാരനുമായ എം.പി.വീരേന്ദ്രകുമാർ (84) അന്തരിച്ചു. മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമാണ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഭൗതിക ശരീരം വയനാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട്.

ജനതാദൾ(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദൾ(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ലോക് താന്ത്രിക് ജനതാദൾ പാർട്ടി സ്ഥാപക നേതാവാണ്.

ഉഷയാണ് ഭാര്യ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാർ എംഎൽഎ(ജോയിന്റ് മാനേജിങ് ഡയറക്‌ടർ, മാതൃഭൂമി). സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ വയനാട്ടിലെ കല്പറ്റയിലാണ് വീരന്ദ്രകുമാർ ജനിച്ചത്.

മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എംബിഎ. ബിരുദവും നേടി. 1987 ൽ നിയമസഭാംഗവും വനം മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി.

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, പിടിഐ ഡയറക്ടർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ജനതാദൾ(യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. 2004 ലും 1996 ലും കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായി. 2016 ലും 2018 ലും രാജ്യസഭാംഗമായി.

ഹൈമവതഭൂവിൽ,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോൻ സാഹിത്യപുരസ്കാരം, ഓടക്കുഴൽ അവാർഡ്, സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button