തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടിരൂപയുടെ മദ്യം. കൺസ്യൂമർ ഫെഡിന്റെ 36 ഔട്ട്ലറ്റുകളിലൂടെ 2 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 32 കോടി രൂപയാണ് ബവ്കോയുടെ ഒരു ദിവസത്തെ ശരാശരി വിൽപന. അതേസമയം ആപ്പിന്റെ പ്രവർത്തനത്തിൽ തുടർച്ചയായി പിഴവു വരുന്നതിൽ ബവ്കോ അധികൃതർ അതൃപ്തി അറിയിച്ചു. ബുക്കിങ്ങിനായി എത്തിയവരിൽ മിക്കയാളുകൾക്കും ഇ ടോക്കൺ ലഭിക്കാത്തത് മൂലം കച്ചവടത്തിൽ കുറവുണ്ടായതായി ഇവർ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടർന്നാൽ ബവ്കോയുടെ വരുമാനം കുറയുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർക്കുന്നു.
പലർക്കും 5 മിനിട്ട് വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്. ഒടിപി അയച്ചാലും റജിസ്ട്രേഷനിൽ തടസം നേരിടുന്നു. സോഫ്റ്റുവെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാൻ വൈകുന്നതിന് കാരണം. തിരക്ക് മുന്നിൽ കണ്ട് പ്രവർത്തനം നടത്താൻ ആപ് നിർമിച്ച കമ്പനിക്ക് കഴിയാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments