തിരുവനന്തപുരം: പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയിൽ കോവിഡ് കൂടി ഉൾപ്പെടുത്തുമെന്നും അതിനനുസരിച്ച് ഫീവർ പ്രോട്ടോക്കൊൾ പുതുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിയുമായി ആശുപത്രിയിലെത്തുന്നവരെ പ്രത്യേകമായി ഇരുത്തുകയും ആശുപത്രി പ്രവേശന കവാടത്തിൽ വെച്ചുതന്നെ വേർതിരിക്കുകയും ചെയ്യും. മഴക്കാല പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന് കോവിഡ് വ്യാപന കാലത്ത് കൂടുതൽ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണങ്ങളായിട്ടുള്ള ഡെങ്കി, എലിപ്പനി, എച്ച് 1 എൻ വൺ തുടങ്ങിയ പകർച്ചവ്യാധികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്. വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. ടെറസ്, പൂച്ചട്ടികൾ, വീടിന് ചുറ്റും അലക്ഷ്യമായിടാറുള്ള ടയർ, കുപ്പികൾ, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളം ഇടയ്ക്കിടെ നീക്കം ചെയ്യണം. റബർ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തി വെയ്ക്കണം.
എലിപ്പനി എന്ന ലെപ്‌റ്റോ സ്‌പൈറോസിസ് വളർത്തു മൃഗങ്ങളുടെ മൂത്രത്തിലൂടെയും പകരും. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാൽ ഉടനെ വയലിൽ മേയാൻ വിടരുത്. തെരുവ് നായ്ക്കളെ അലഞ്ഞുനടക്കാൻ അനുവദിക്കാതിരിക്കുന്നതിനുള്ള മാർഗങ്ങൾ ആരായണം. ക്വാറന്റൈൻ കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്നെന്ന് റിപ്പോർട്ടുകളുണ്ട്. നിരീക്ഷണത്തിലുള്ളവർ കണ്ണുവെട്ടിച്ച് കറങ്ങുന്നതായും ചില വാർത്തകൾ വന്നു. ഇതു രണ്ടും തടയാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും. റേഷൻ വാങ്ങുമ്പോൾ ഇ-പോസ് മെഷീനിലെ പഞ്ചിങ് ഒഴിവാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments