ന്യൂഡല്‍ഹി : ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ , പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ, ചൈനയ്ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍ തന്നെ. അതിര്‍ത്തിയില്‍ ഇന്ത്യയുടെ റോഡ് നിര്‍മാണം തടസപ്പെടുത്താനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാനാണ് പ്രത്യേക സംഘത്തെ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ഉയര്‍ന്ന മേഖലകളില്‍ പോലും പൊരുതാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സൈനികര്‍. അതീവ ദുര്‍ഘട മേഖലകളില്‍ പോരാടാന്‍ പരിശീലനം ലഭിച്ച സൈനികര്‍ക്ക് ടിബറ്റന്‍ മേഖല ഇവര്‍ക്ക് പരിചിതമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ടു ബ്രിഗേഡിലേറെ സൈനികരെയാണു ചൈന വിന്യസിച്ചിരിക്കുന്നതെന്നാണു വിവരം. ബെയ്ജിങ്ങിന്റെ അറിവോടെയാണു നീക്കം എന്നാണ് ഇതു വ്യക്തമാക്കുന്നത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമസേന താവളത്തില്‍ നിന്നും ഗാല്‍വന്‍ താഴ്വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലേക്കുള്ള(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ അഥവാ എല്‍എസി)റോഡ് നിര്‍മാണം തടസപ്പെടുത്താനുളള ചൈനയുടെ നീക്കങ്ങളാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കന്നത്.
2017-ല്‍ 73 ദിവസം നീണ്ടു നിന്ന ദോക്ല പ്രതിസന്ധി പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂവര്‍ സംഘം തന്നെയായാണ് ഇക്കുറിയും കളത്തില്‍ – ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരാണിവര്‍.
2017-ല്‍ ജനറല്‍ റാവത്ത് കരസേനാ മേധാവിയും ജയ്ശങ്കര്‍ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാനാണ് മൂവര്‍ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ദോക്ലയില്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടു തന്നെയാവും ഇക്കുറിയും സ്വീകരിക്കുകയെന്നാണ് യോഗത്തിനു ശേഷമുള്ള സൂചന. അതേസമയം, എല്‍എസിയിലെ പ്രശ്നങ്ങള്‍ പരസ്പര ബഹുമാനത്തോടെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ അടിസ്ഥാനസൗകര്യ വികസനം മെച്ചപ്പെടുത്താന്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ചൈനയുടെ ലക്ഷ്യം.
Post Your Comments