സിംല: കൊവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുവദിച്ച തുകയില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബി.ജെ.പി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ ഡോ. രാജീവ് ബിന്ദാള്‍ രാജിവെച്ചു. അഞ്ചു ലക്ഷം രൂപ രാജീവ് ബിന്ദാളിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഓഡിയോ ക്ലിപ് പ്രചരിച്ചതിനു പിന്നാലെയാണ് അദ്ദേഹം ബുധനാഴ്ച രാജി നല്‍കിയത്. ഹിമാചല്‍ പ്രദേശ് നിയമസഭാ സ്പീക്കര്‍ ആയിരുന്ന രാജീവ് ബിന്ദാള്‍ (65) ജനുവരിയിലാണ് രാജിവച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
ജെ.പി നദ്ദ ദേശീയാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിന്ദാളിന് അവസരം ലഭിച്ചത്. ധാര്‍മ്മിക മൂല്യങ്ങള്‍ കണക്കിലെടുത്താണ് രാജിയെന്ന് രാജീവ് ബിന്ദാള്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.രാജീവ് ബിന്ദാളിന് കൈക്കൂലി നല്‍കിയെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ.എ.കെ ഗുപ്ത പറയുന്ന ഓഡിയോ ക്ലിപ് ആണ് പുറത്തായത്. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഡോ.ഗുപ്തയെ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റു ചെയ്തിരുന്നു.
അതേസമയം, ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും സ്വതന്ത്രമായ അന്വേഷണം നടക്കുന്നതിനാണ് താന്‍ രാജിവച്ചതെന്നും രാജീവ് ബിന്ദാള്‍ പറഞ്ഞു. പാര്‍ട്ടി നേരെ ചില ആളുകള്‍ വിരല്‍ ചൂണ്ടുന്നത് ഒഴിവാക്കുന്നതിനാണ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതെന്നും രാജിക്കത്തില്‍ ബിന്ദാള്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments