Latest NewsKeralaNews

താനെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യൽ ട്രെയിൻ യാത്ര മാറ്റിവച്ചു: യാത്രക്കാർ എല്ലാവരും കോവിഡ്19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ യാത്രാനുമതി ലഭിക്കും

തിരുവനന്തപുരം • മഹാരാഷ്ട്ര താനെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യൽ ട്രെയിൻ യാത്ര മാറ്റിവച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാൽ കേരള സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് യാത്ര മാറ്റി വച്ചത്. എല്ലാ യാത്രക്കാരും കോവിഡ്19ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് നേടുന്ന മുറയ്ക്ക് ട്രെയിൻ യാത്ര അനുവദിക്കുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

വളരെ കുറച്ചുപേർ മാത്രമേ കോവിഡ്19ജാഗ്രത പോർട്ടലിൽ തങ്ങളുടെ വിശദാംശം രജിസ്റ്റർ ചെയ്ത് പ്രവേശന പാസ് നേടിയിരുന്നുള്ളൂ എന്ന് മനസ്സിലാക്കിയാണ് കേരള സർക്കാർ യാത്ര മാറ്റിവെക്കാൻ അഭ്യർഥിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ വിശദവിവരങ്ങൾ സർക്കാരിന് മുൻകൂട്ടി ലഭിക്കേണ്ടത് അനിവാര്യമാണ്.

കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഹോം ക്വാറന്റിൻ ആണ് നിർബന്ധം. എന്നാൽ ഹോം ക്വാറന്റിൻ സൗകര്യം ഉണ്ടോ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കാനും ഇല്ലാത്തവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റിൻ ഒരുക്കാനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനും മുൻകൂർ വിവരം ലഭിക്കണം. എങ്കിൽ മാത്രമേ റെയിൽവേ സ്റ്റേഷനുകളിൽ വച്ച് യാത്രക്കാരെ പരിശോധിക്കുന്നതിന് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റയിൻ, ഹോ ക്വാറന്റയിൻ എന്നീ സംവിധാനങ്ങളിലേക്ക് അവരെ എത്തിക്കാനും കഴിയുകയുള്ളൂ. സംസ്ഥാന സർക്കാരിന് മുൻകൂർ വിവരമില്ലാതെ ട്രെയിനുകൾ എത്തിച്ചേർന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമല്ലാതായിത്തീരും. കേരളത്തിലേക്ക് വരുന്ന മലയാളികൾ കോവിഡ് ജാഗ്രത പോർട്ടലിൽ അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നത് അതുകൊണ്ടുതന്നെ അനിവാര്യമാണ്.

മഹാരാഷ്ട്ര താനെയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ ഞായറാഴ്ച (24) പുറപ്പെടുന്ന വിവരം സംസ്ഥാന സർക്കാരിന് ലഭ്യമാക്കിയിട്ടില്ലായിരുന്നു. അത് കണക്കിലെടുത്താണ് ഇപ്പോൾ ട്രെയിൻ യാത്ര മാറ്റി വയ്ക്കുവാൻ തീരുമാനമെടുത്തത്.

കോവിഡ്19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആളുകളുടെ ആവശ്യപ്രകാരം ട്രെയിനുകൾ സർവ്വീസ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി കാലതാമസമില്ലാതെ തന്നെ ലഭ്യമാക്കും. എല്ലാ മലയാളികൾക്കും കേരളത്തിലേക്ക് മടങ്ങി വരുവാനുള്ള അവകാശമുണ്ട്. എന്നാൽ സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിച്ചു നിർത്താനുള്ള ഒരു സംവിധാനമായി മാത്രം കണ്ട് കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും കോവിഡ്19ജാഗ്രത പോർട്ടലിൽ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് സംസ്ഥാനന്തര യാത്രയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. പൊതുനൻമ മുന്നിൽ കണ്ടു ക്രമമായി ആളുകളെ കൊണ്ടുവരാൻ സർക്കാർ ഒരുക്കിയ സംവിധാനവുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button