പാലാ: കൊറോണക്കാലത്തെ വിവാഹത്തിന് എന്ത് ആഘോഷം എന്നു സ്വാതിയും അരുണും ചിന്തിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അമ്പതിനായിരം രൂപ എത്തി. തങ്ങളുടെ വിവാഹത്തിൻ്റെ ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന് ഇരുവരുടെയും മാതാപിതാക്കൾ പൂർണ്ണമനസ്സോടെ സമ്മതംമൂളി.
ഇതോടെ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി ലളിതമായ വിവാഹം നടന്നു. അമ്പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാൻ മാണി സി കാപ്പൻ എം എൽ എ യെ ഏൽപ്പിച്ചു. വീട്ടിലൊരുക്കിയ വിവാഹപന്തലിൽ വച്ചു തുക കൈമാറിയപ്പോൾ ഇവരുടെ മാതൃകയ്ക്ക് നാട്ടുകാരുടെയും വീട്ടുകാരുടെയും മനം നിറഞ്ഞ കൈയ്യടി. ലാലിച്ചൻ ജോർജിൻ്റെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറിയത്.
എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായ അരുണും നെച്ചിപ്പുഴൂർ എൻ എസ് എസ് എൽ പി സ്കൂളിലെ അധ്യാപികയായ സ്വാതിയും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കൂടി ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
വെള്ളപ്പുര കളപ്പുരയ്ക്കൽ പി എൻ സുഭാഷിൻ്റേയും ഇന്ദുകുമാരി ബിയുടെയും മകളാണ് സ്വാതി. കിടങ്ങൂർ മഠത്തിൽ മോഹനും ഉഷയുമാണ് അരുണിൻ്റെ മാതാപിതാക്കൾ.
Post Your Comments