തിരുവനന്തപുരം • കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ പുറത്തിറക്കി. സ്പര്‍ശനം ഇല്ലാതെ സാനിറ്റൈസര്‍ ലഭ്യമാകുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍, ഫൂട്ട് ഓപ്പറേറ്റര്‍ എന്നീ രണ്ട് ഓട്ടോമാറ്റിക് മെഷീനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്റെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവിതരണ വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവ സംയുക്തമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതാണ്.
പ്രത്യേക സെന്‍സര്‍ ഉള്ള സാനിറ്റൈസര്‍ ഡിസ്‌പെന്‍സറില്‍ കൈകള്‍ കാണിച്ചാല്‍ സാനിറ്റൈസര്‍ തുള്ളികള്‍ ലഭ്യമാവും. കാല്‍ കൊണ്ട് പെഡലില്‍ ചവിട്ടിയാല്‍ സാനിറ്റൈസര്‍ തുള്ളികള്‍ ലഭ്യമാകുന്നതാണ് ഫൂട്ട് ഓപ്പറേറ്റര്‍. ഇതിലൂടെ പല കൈകള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കാനും വൈറസ് ബാധയേല്‍ക്കാതിരിക്കാനും സഹായിക്കുന്നു. സ്ഥാപനങ്ങള്‍ പൊതു സ്ഥലങ്ങള്‍ എന്നിവയ്ക്ക് ഇത് ഏറെ അനുയോജ്യമാണ്.
കേരളത്തില്‍ സമൂഹ വ്യാപനം തടയാന്‍ ബ്രേക്ക് ദ ചെയിന്‍ വളരെയേറെ പങ്കുവഹിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ രണ്ടാം ഘട്ടമായി തുപ്പല്ലേ തോറ്റുപോകും, തുടരണം ഈ കരുതല്‍ എന്നിവ ആവിഷ്‌ക്കരിച്ചു. ഇതിന്റെ ഭാഗമായി സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റാന്‍സിങ് (S M S) ബോധവല്‍ക്കരണം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി വിപുലമായ പ്രവര്‍ത്തങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments