കണ്ണൂർ: വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്ന് കെ.കെ ശൈലജ. കോൺഗ്രസിന് പരാജയ ഭീതിയെന്നും കെ.കെ ശൈലജ പറഞ്ഞു. പോളിംഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി ഭയന്നാണെന്നും ഉദ്യോഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.
വടകരയിലെ കാഫിർ പരാമർശ പോസ്റ്റ് യുഡിഎഫ് നിർമിതമെന്നാണ് തൻ്റെ ബോധ്യം. വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം. സൈബർ കേസുകളിൽ അന്വേഷണം തുടരണം. വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.കെ ശൈലജ പറഞ്ഞു. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും കെ.കെ ശൈലജ ടീച്ചർ വിമർശിച്ചു.
അതേസമയം, വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.
Post Your Comments