തിരുവനന്തപുരം: രാത്രി ഏഴായിട്ടും കടയടച്ചില്ലേയെന്ന് ആക്രോശിച്ച് മെഡിക്കല്‍ സ്റ്റോറില്‍ കയറി ഉടമയെ കൈയേറ്റം ചെയ്‌ത സംഭവത്തില്‍ കഴക്കൂട്ടം എസ്.ഐക്കെതിരെ നടപടി. മാസ്‌ക് ധരിക്കാത്തതിന് കടയുടമയെ ശാസിച്ചതാണെന്ന് എസ്.ഐ ന്യായീകരിച്ചെങ്കിലും കൈയേറ്റത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായതോടെ എസ്.ഐയുടെ കസേര പോയി. എസ്.ഐ സന്തോഷ്‌കുമാറിനെ ക്രമസമാധാന ചുമതല ഒഴിവാക്കി സിറ്റി കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റി. എസ്.ഐക്കെതിരെ വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഉത്തരവിട്ടു.
സമ്പൂര്‍ണ ലോക്ക് ഡൗണായിരുന്ന ഞായറാഴ്ച വൈകിട്ട് ഏഴിന് കഴക്കൂട്ടം മേനംകുളത്തെ ജനസേവ മെഡിക്കല്‍ സ്‌റ്റോറിലായിരുന്നു എസ്.ഐ സന്തോഷ്‌കുമാറിന്റെ വിളയാട്ടം. കടയ്ക്ക് മുന്നില്‍ ജീപ്പ് നിറുത്തിയ എസ്.ഐ കടയുടമ ശ്രീലാലിനെ പുറത്തേക്ക് വിളിച്ചു. മരുന്നുവാങ്ങാന്‍ ഒരാളുണ്ടായിരുന്നതിനാല്‍ കടയ്ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ശ്രീലാല്‍ കാര്യമെന്താണെന്ന് തിരക്കി. ഇതാണ് എസ്.ഐയെ പ്രകോപിപ്പിച്ചത്.ജീപ്പില്‍ നിന്നിറങ്ങി എസ്.ഐ പ്രകോപിതനായി കടയിലേക്ക് ഓടിക്കയറി.
കൊടുമണ്ണിൽ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സഹപാഠികള്‍ക്ക് ജാമ്യം
കടയടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മെഡിക്കല്‍ ഷോപ്പ് അവശ്യ സര്‍വീസാണെന്നും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാമെന്നും പറഞ്ഞ തന്നെ എസ്.ഐ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ശ്രീലാല്‍ ഡി.ജി.പിക്ക് പരാതി നല്‍കി. മരുന്നു വാങ്ങാനെത്തിയ ആളുടെ മുന്നില്‍ വച്ചായിരുന്നു എസ്.ഐയുടെ പരാക്രമം. വിവാദമായപ്പോഴാണ് മാസ്‌ക് ധരിക്കാത്തതിന് താക്കീത് ചെയ്‌തതാണെന്ന ന്യായീകരണവുമായി എസ്.ഐ രംഗത്തെത്തിയത്. എന്നാല്‍ കടയിലെ സി.സി ടി.വിയില്‍ എസ്.ഐയുടെ പരാക്രമം പതിഞ്ഞിരുന്നു.
എസ്.ഐ സന്തോഷ്‌കുമാര്‍ അകത്തേക്ക് ഓടിക്കയറുന്നതും ശ്രീലാലിന്റെ കൈയിലും അരയിലും ബലമായി പിടിച്ച് പുറത്തേക്കിറക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിടിവലിക്ക് പുറമെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും കൈചൂണ്ടി പ്രകോപിതനായി സംസാരിക്കുന്നതും കാണാം. ഒരു മിനിട്ടോളം കയര്‍ത്ത് സംസാരിച്ച ശേഷമാണ് എസ്.ഐ കടയില്‍ നിന്ന് പോയത്.ശ്രീലാല്‍ മാസ്‌ക് ധരിച്ചിരിക്കുന്നതും സി.സി ടി.വി ദൃശ്യങ്ങളിലുണ്ട്. മരുന്ന് വാങ്ങാനെത്തിയ ആളും മാസ്‌ക് ധരിച്ചിട്ടുണ്ട്
Post Your Comments