ജയ്പൂർ : ലോക്ഡൗണിൽ കുടുങ്ങിയ യുവാവ് വീട്ടിലെത്താൻ കൈക്കുഞ്ഞുങ്ങളെയും ചുമലിലെടുത്ത് നടന്നത് 160 കിലോമീറ്റർ. ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലക്കാരനായ രുപയ തുഡു എന്ന യുവാവാണ് രാപ്പകൽ വ്യത്യാസമില്ലാതെ തന്റെ കുഞ്ഞുങ്ങളെയും ചുമലിലെടുത്ത് നടന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും ത്രാസ് പോലുള്ള ഒരു ഉപകരണത്തിൽ തൻ്റെ മക്കളെ ഇരുത്തി അത് തോളിൽ ചുമന്നായിരുന്നു ടുഡുവിൻ്റെ നടത്തം.
ഏതാനും മാസങ്ങൾക്ക് മുൻപാണ് ജയ്പൂർ പനികോയ്ലിയിലെ ഒരു ഇഷ്ടികച്ചൂളയിൽ ജോലിക്കായി തുഡു പോകുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ചൂളയിലെ പണി നിന്നു. കിട്ടാനുള്ള പണം നൽകാൻ തൊഴിലുടമ തയ്യാറായതുമില്ല. ഇതോടെയാണ് തുഡുവും കുടുംബം നടക്കാൻ തീരുമാനിച്ചത്.
തുഡുവിൻ്റെ 6 വയസ്സുകാരിയായ മകൾ പുഷ്പാഞ്ജലി ഭാര്യ മാത്രികയോടൊപ്പം നടന്നു. എന്നാൽ ഇവരുടെ 4 വയസ്സും രണ്ടര വയസ്സും വീതമുള്ള രണ്ട് ആൺകുട്ടികളെ മുള വെട്ടി ത്രാസ് പോലുള്ള ഉപകരണം ഉണ്ടാക്കി ചുമന്ന് നടക്കുകയായിരുന്നു തുഡു. ശനിയാഴ്ചയാണ് അവർ വീട്ടിലെത്തിയത്. കുഞ്ഞുങ്ങളെ ചുമന്നത് ചിലപ്പോഴൊക്കെ ചുമലിന് വേദന ഉണ്ടാക്കിയെങ്കിലും മറ്റു വഴികൾ ഇല്ലായിരുന്നു തുഡു പറഞ്ഞു.
അതേസമയം നാട്ടിലെത്തിയ കുടുംബം 21 ദിവസത്തെ ക്വാറന്‍റീനിൽ കഴിയുകയാണ്. എന്നാൽ, ഇവർക്ക് ഭക്ഷണം അധികൃതർ ലഭ്യമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ബി.ജെ.ഡി നേതാക്കൾ ഇടപെട്ട് ഇവർക്ക് ഭക്ഷണമെത്തിച്ചത്.
Post Your Comments