ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്. രോഗ ബാധിതരുടെ എണ്ണം 96,000 കടന്നു. 96,169 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,029 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 36,824 പേർ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനിടെ 5,242 പോസിറ്റീവ് കേസുകളും 157 മരണവും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33,000 കടന്നു. ഇന്നലെ മാത്രം രണ്ടായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അധികവും മുംബൈയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. ഗുജറാത്തിൽ 11,379 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.
തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,224 ആയി. 24 മണിക്കൂറിനിടെ 639 പോസിറ്റീവ് കേസുകളും നാല് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 480 കൊവിഡ് കേസുകളും ചെന്നൈയിലാണ്. ഡൽഹിയിൽ 422 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 9,755 ആയി. 148 പേർ മരിച്ചു. രാജസ്ഥാനിൽ 242 പുതിയ കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 5,202ഉം മരണം 131ഉം ആയി.
Post Your Comments