
പത്തനംതിട്ട : കൊടുമൺ എസ്റ്റേറ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചക്കിമുക്കിലെ വാലുപറമ്പിൽ ചന്ദ്രബാബുവിന്‍റെ പുരയിടത്തിലാണ് മധ്യവസ്കനായ പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ശേഷം പറമ്പിൽ നിന്ന് തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപ വാസിയായ വിദ്യാർത്ഥി ഓടിയെത്തിയപ്പോഴാണ് ശരീരത്തിൽ തീ പടർന്ന നിലയിൽ ആളെ കണ്ടത്. നാട്ടുകാരെത്തി ദേഹത്ത് വെള്ളം ഒഴിച്ചു തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനകം മരിച്ചിരുന്നു.
മൃതദേഹത്തിന് സമീപത്ത് നിന്ന് ഡീസൽ കലർന്ന കുപ്പിയും 2000 രൂപയും കണ്ടെത്തി. നേരത്തേ ഇതുവഴി മാസ്ക് ധരിച്ച് അപരിചിതനായ ഒരാൾ അവശനായി നടന്നു വരുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments