തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിമറികടന്ന് തൊഴില്‍, വ്യവസായ മേഖലയ്ക്ക് പുനഃരുജ്ജീവനമുണ്ടാകാന്‍ കേരളം ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രൊത്സാഹിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ്ജ്കുര്യന്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുള്ള സഹായ പാക്കേജിന്റെ കൂടുതല്‍ ഗുണഫലങ്ങള്‍ കേരളത്തിന് അനുഭവിക്കാന്‍ അതുവഴി സാധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയില്‍ 6 ലക്ഷം കോടി മാത്രമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വാരാനിരിക്കുകയാണ്. അപ്പോഴാണ് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ഇതൊന്നും ആര്‍ക്കും പ്രയോജനമില്ലാത്തതാണെന്ന് വിമര്‍ശിക്കുന്നത്. അന്ധന്‍ ആനയെ കണ്ടതുപോലെയാണ് തോമസ്‌ഐസക്കും മറ്റും പാക്കേജിനെ വിമര്‍ശിക്കുന്നത്. ഇത് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണെന്നും ജോര്‍ജ്ജ്കുര്യന്‍ വെബ് വഴിനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ ജിഡിപിയുടെ 29 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുമ്പോള്‍ കേരളം അക്കാര്യത്തില്‍ വളരെ പിന്നാക്കമാണ്. 5 ശതമാനം മാത്രമാണ് ഈ മേഖലയില്‍ കേരളത്തിന്റെ വിനിയോഗം. ഈ മേഖലയില്‍ രാജ്യമൊട്ടുക്ക് 11 കോടിയിലധികം പേര്‍ തൊഴിലെടുക്കുന്നുണ്ട്. കേരളം മൈക്രോ എന്റര്‍ പ്രൈസസിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഇപ്പേള്‍ പ്രഖ്യാപിച്ച പാക്കേജില്‍ ആ മേഖലയിലേക്കും കൂടുതല്‍ ശ്രദ്ധയുണ്ടായിട്ടുണ്ട്. അതും കേരളത്തിന് പ്രയോജനപ്പെടുത്താനാകും.
ചെറുകിട, ഇടത്തരം വ്യവസായ രംഗത്ത് കേരളം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടും. ലോക്ക് ഡൗണില്‍ എല്ലാ മേഖലകളിലും ഉല്പാദം കുറഞ്ഞു. അപ്പോള്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങളിലെ ഉല്പന്നങ്ങള്‍ക്ക് ആവശ്യകതയേറും. കയര്‍, റബ്ബര്‍ മുതലായവയും അച്ചാര്‍, ചിപ്‌സ് തുടങ്ങിയ ഭക്ഷ്യ ഉല്പന്നങ്ങള്‍ എന്നിവയുടെയും നിര്‍മ്മാണം ത്വരിതപ്പെടുത്തണം. അതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാകുകയും പണം നേരിട്ട് അവരുടെ കൈകളിലെത്തുകയും ചെയ്യും. കേരളത്തില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള അവസരമൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. തൊഴില്‍ സംസ്‌കാരവും സര്‍ക്കാരിന്റെ സമീപനവും മാറണം. ആരെങ്കിലും പുതിയ വ്യവസായം തുടങ്ങിയാല്‍ അവനെ മുതലാളിയാക്കി, ബൂര്‍ഷ്വായാക്കി നാടുകടത്തുന്ന നയം മാറ്റണം.
ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ അവരുടെ കൈകളിലേക്ക് സഹായമെത്തിക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. കേരളത്തിലെ 29 ലക്ഷം കര്‍ഷകര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് 4000 രൂപ നിക്ഷേപിച്ചത്. 21 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴിയും പണം നേരിട്ട് നല്‍കി. 52000 പേര്‍ക്കാണ് കേരളത്തില്‍ ഉജ്ജ്വല്‍ യോജന വഴി ഗ്യാസ് സിലിണ്ടര്‍ വീടുകളിലെത്തിച്ചത്. ഇടത്തരക്കാര്‍ക്ക് പ്രയോജനകരമായ നികുതി ഇളവുകളുള്‍പ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ചിലര്‍ വിമര്‍ശനങ്ങളുമായി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്. തോമസ് ഐസക്ക് പറയുന്നത് പണമെല്ലാം കേരളത്തിന് കൊടുക്കൂ അവര്‍ ചെലവഴിച്ചുകൊള്ളാമെന്നാണ്. പദ്ധതികളിലൂടെ, തൊഴിലവസരങ്ങളിലൂടെ ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെതെന്ന് ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.
Post Your Comments