KeralaLatest NewsNews

മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ എത്തിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല – കെ. സുരേന്ദ്രന്‍

തിരുവനന്തപുരം • മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം നിലയില്‍ തിരികെ വന്നവര്‍ക്ക് സംസ്ഥാന അതിര്‍ത്തികളില്‍ ദുരിതമനുഭവിക്കേണ്ടിവരുന്നു. ആരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടുന്നില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ്സ് അനുവദിക്കുന്നില്ല. അസുഖ ബാധിതരും കുട്ടികളും സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ വലിയ ദുരിതമാണനുഭവിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. മറ്റു സംസ്ഥാനങ്ങള്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി മലയാളികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞിട്ടും കേരളം അനുകൂല നിലപാടെടുത്തിട്ടില്ല. കര്‍ണ്ണാടക സര്‍ക്കര്‍ മലയാളികള്‍ക്കായി കര്‍ണ്ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളോടിക്കാമെന്ന് ഉത്തരവിറക്കിയിട്ടുപോലും കേരളം പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം.

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളാരും കേരളത്തിലേക്ക് വരേണ്ടതില്ലെന്ന നിലപാടാണ് പിണറായി സര്‍ക്കാരിനുള്ളതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇവരെല്ലാം രോഗവുമായാണ് വരുന്നതെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ആരു വന്നാലും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ സാധ്യമാക്കിയെന്ന് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത് കളവാണെന്ന് വേണം കരുതാന്‍. ക്വാറന്റൈന്‍ സംവിധാനങ്ങളില്ലാത്തതിനാലാണ് ഇവിടേക്ക് ആരും വരേണ്ടതില്ലെന്ന് സര്‍ക്കാര്‍ ശഠിക്കുന്നത്. സംവിധാനങ്ങളില്‍ പാളിച്ചയുണ്ടായെങ്കില്‍ മുഖ്യമന്ത്രിയത് തുറന്നു പറയണം. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ത്രിശങ്കുവില്‍ നിര്‍ത്തി കേരളം ഒന്നാം നമ്പരാണെന്ന് പ്രചരിപ്പിക്കുന്നത് നിര്‍ത്തണം.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. വാളയാറിലും മറ്റും അതാണ് കണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ വന്നപ്പോള്‍ അവരെ പരിശോധിക്കാനോ നിര്‍ദ്ദേശം നല്‍കാനോ യാതൊരു സംവിധാനവും വാളയാറിലടക്കം ഉണ്ടായിരുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം വാളയാറില്‍ അധ്യാപകരെയാണ് നിയോഗിച്ചിരുന്നത്. പാളിച്ച പറ്റിയത് തുറന്നു പറഞ്ഞ് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തിരികെ വരാന്‍ താല്പര്യമുള്ള, മറ്റു സംസ്ഥാനങ്ങളിലെ മുഴുവന്‍ മലയാളികളെയും മടക്കികൊണ്ടുവരുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button