ന്യൂഡൽഹി: കോവിഡിനെ പേടിച്ച് കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് മുങ്ങിയോ? ഈ ചോദ്യമാണ് തലസ്ഥാന നഗരിയിലെ കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ഗർഭിണികൾ അടക്കമുള്ള മലയാളികൾ ചോദിക്കുന്നത്.
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളികൾ വീർപ്പുമുട്ടുമ്പോൾ കേരളത്തിന്‍റെ പ്രവർത്തനങ്ങൾ ഏകോപ്പിക്കേണ്ട സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിയുടെ അഭാവം വൻ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രത്യേക പ്രതിനിധി എ സമ്പത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. മലയാളികളുടെ തിരിച്ചുപോക്കിന്റെ കാര്യത്തിൽ വ്യക്തയില്ലെന്ന് നിരവധി പരാതികൾ ഉയരുമ്പോളാണ് പ്രത്യേക പ്രതിനിധിയുടെ അഭാവം വലിയ ചർച്ചയാകുന്നത്.
കേരളത്തിന്റെ പ്രവർത്തനം ഡൽഹിയിൽ ഏകോപ്പിപിക്കാനാണ് പ്രത്യേക പ്രതിനിധിയായി മുൻ എംപിയായ എ സമ്പത്തിനെ പിണറായി സര്‍ക്കാര്‍ രാജ്യ തലസ്ഥാനത്ത് നിയമിച്ചത്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനും മലയാളികളുടെ വിഷയങ്ങളിൽ ഇടപെടാനുമായിരുന്നു ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നിയമനത്തിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായി. എന്നാൽ രാജ്യതലസ്ഥാനത്ത് മലയാളികൾ വലിയ പ്രതിസന്ധി നേരിടുമ്പോൾ സംസ്ഥാനത്തിന്‍റെ പ്രതിനിധി ഡൽഹിയിൽ ഇല്ല.
കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ നിരീക്ഷണത്തിലാക്കാൻ കേരള ഹൌസ് വിട്ടുനൽകണമെന്ന് ആവശ്യം തള്ളിയത് ദില്ലിയിലെ മലയാളികൾക്ക് വലിയ തിരിച്ചടിയായിരുന്നു. ആ വിഷയത്തിലും കേരളത്തിന്റെ പ്രതിനിധി ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ അടക്കം മലയാളികൾ നിലവിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇവയിലൊന്നും ഇടപെടാതെ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
Post Your Comments