Latest NewsNewsIndiaInternational

ലോക്ക്ഡൗൺ എഫക്ട്; ഈ വർഷം ഇന്ത്യയിൽ രണ്ട് കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ്

ലോകമെങ്ങും വ്യാപിച്ച കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ജനങ്ങളെ വീട്ടിലിരുത്തിയ ലോക്ക്ഡൗണിന് പിന്നാലെ ആ​ഗോള തലത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്). കൊറോണ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ് റിപ്പോർട്ടിലുണ്ട്. മാതൃദിനം മെയ് 10 വരാനിരിക്കെയാണ് യുനിസെഫ് റിപ്പോർട്ട് പുറത്തു വിട്ടത്.

ലോകമെങ്ങും നാശം വിതച്ച കൊറോണയെ തുടര്‍ന്ന് താറുമാറായ ആഗോളതലത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ബേബി ബൂം മൂലമുണ്ടാകുമെന്നാണ് യുനിസെഫ് പറയുന്നത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ 11.60 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാൻ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നിൽ. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ പോലും ഈ സമയത്ത് 33 ലക്ഷം കുഞ്ഞുങ്ങളുണ്ടാകും. കൂടുതല്‍ കുഞ്ഞുങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അമേരിക്ക നിലവിൽ.

കൂടാതെ കോവിഡ് പടരുന്നതുമൂലം ആരോഗ്യരംഗം സമ്മർദ്ദവും തടസ്സങ്ങളും നേരിടുന്നത് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ശിശുമരണ നിരക്ക് ഉയർന്ന രാജ്യങ്ങളിൽ ഇതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും പറയുന്നു, പുതിയ അമ്മമാരും നവജാത ശിശുക്കളും ലോക്ഡൗൺ, കർഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാർത്ഥ്യങ്ങളെയാണു നേരിടേണ്ടി വരികയെന്നും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറീറ്റ ഫോർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button