ഐസിസില്‍ ചേരാനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ പുരുഷന്‍മാര്‍ ഒപ്പം വന്ന സ്ത്രീകൾ സിറിയ-ടര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള അല്‍ ഹോല്‍ എന്ന മരുഭൂമിയിലെ ക്യാമ്പുകളിൽ നരക ജീവിതത്തിലാണ്. ചുറ്റിലും സായുധ കാവല്‍ക്കാരുള്ള ഇരുമ്പു കമ്പികള്‍ കൊണ്ട് അതിരിട്ട ക്യാമ്പുകളിലോരോന്നിലും സ്ത്രീകളും കുട്ടികളും കൊടും ദുരിതങ്ങള്‍ക്കിടയില്‍ കഴിയുകയാണ്. ഐസിസിനെ തറപറ്റിച്ച കുര്‍ദ് പോരാളികളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസസിന്റെ അധീനതയിലാണ് ഈ പ്രദേശം. ഐസിസുകാരുടെ കുടുംബാംഗങ്ങളെ തങ്ങളെ ഏല്‍പ്പിച്ചു പോവുക എന്നതല്ലാതെ മറ്റു രാജ്യങ്ങളൊന്നും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് എസ് ഡി എഫിന്റെ പരാതി.
2019ല്‍ ഐസിസ് പരാജയപ്പെട്ടതു മുതല്‍ അറുപതിനായിരത്തോളം പേരാണ് ഈ പ്രദേശത്തെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരില്‍ രണ്ടായിരത്തഞ്ഞൂറിലേറെ കുടുംബങ്ങള്‍ വിദേശികളാണ്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മുന്‍കൈയില്‍ നടന്ന യുദ്ധത്തില്‍ ഐസിസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ എത്തിക്കുകയായിരുന്നു. ഇവരെ സിറിയിൽ എത്തിച്ച പുരുഷന്‍മാരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ ജയിലിലാണ്. പുരുഷന്‍മാരും സ്ത്രീകളും അടങ്ങുന്ന കുര്‍ദിഷ് പോരാളികളാണ് ഈ ക്യാമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്നത്. യുനിസെഫ് അടക്കമുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ നല്‍കുന്ന ഭക്ഷണവും മരുന്നും മറ്റു വസ്തുക്കളുമാണ് ഇവര്‍ക്കുള്ള ആശ്രയം.
പൊന്നാനിയില്‍ നടുക്കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു: നാലംഗ സംഘത്തിലെ മൂന്നു പേരെ കാണാതായി
വിവിധ രാജ്യക്കാരായ ഈ സ്ത്രീകളെയും കുട്ടികളെയും അതാത് രാജ്യങ്ങള്‍ തിരിച്ചുകൊണ്ടു പോവണമെന്നാണ് എസ് ഡി എഫ് ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍, ഈ ക്യാമ്പുകളില്‍ ഭക്ഷണവും അവശ്യ സാധനങ്ങളും കിട്ടാതെ വന്‍ ദുരന്തം സംഭവിക്കാനിടയുണ്ടെന്നും അത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ അടിയന്തിരമായി ലോക രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടാവണമെന്നുംഅവര്‍ ആവശ്യപ്പെടുന്നു. ഐസിസിലേക്ക് ആദ്യമേ പോയ സിറിയയിലും സമീപ രാജ്യങ്ങളിലുമുള്ള സ്ത്രീകള്‍, ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും നിന്നുമൊക്കെ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം വന്ന സ്ത്രീകള്‍. ഐസിസുകാര്‍ ലൈംഗിക അടിമകളായി വെച്ചിരുന്ന ഹസാര സ്ത്രീകള്‍ എന്നിങ്ങനെ പല തരത്തിലുള്ള സ്ത്രീകളാണ് ഇവിടെയുള്ളത്.
ക്യാമ്പുകളിലും ടെന്റുകളിലുമായാണ് ഇവര്‍ കഴിയുന്നത്. ഭര്‍ത്താക്കന്‍മാരോടു കൂടി ഐസിസ് പ്രദേശങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതില്‍ സ്വയം ശപിക്കുകയാണ് ഇവരിലേറെയും. ആയിരങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും അടിമകളാക്കുകയും ചെയ്ത ഭീകരസംഘടനയില്‍ ചേരാന്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ താണ്ടി തങ്ങളെ കൊണ്ടുവന്നത് എന്തിനായിരുന്നു എന്ന് ചോദിക്കുന്ന സ്ത്രീകൾ സ്വന്തം ഭര്‍ത്താക്കന്‍മാരെയാണ് എല്ലാത്തിനും പഴിക്കുന്നത്. വഞ്ചിക്കപ്പെട്ടു എന്നു സ്വയം തോന്നുന്ന പല സ്ത്രീകളും ഐസിസിന്റെ ആശയങ്ങളില്‍നിന്നും പുറത്തുകടന്നു.
കേരളത്തില്‍നിന്നും സിറിയയിലേക്ക് പോയ സ്ത്രീകളെ തിരിച്ചുകൊണ്ടുവരണമെന്ന് അവരുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത് പോലെ ഇവരില്‍ പലരുടെയും ബന്ധുക്കളുടെ ഭാഗത്തുനിന്നും ആവശ്യം ഉയരുന്നുണ്ട്. എന്നാൽ രാജ്യങ്ങള്‍ ഇതിനു തയ്യാറല്ല. എത്ര കാലം ഇവരെ ക്യാമ്പുകളില്‍ താമസിപ്പിക്കാനാവുമെന്ന ചോദ്യം എസ് ഡി എഫ് ഉയര്‍ത്തുന്നു. അന്താരാഷ്ട്ര സമൂഹം അടിയന്തിര നടപടി എടുത്തില്ലെങ്കില്‍, വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Post Your Comments