മുംബൈ : കോവിഡ് വ്യാപനത്തിനിടയിലും സ്വകാര്യആശുപത്രികള്‍ കഴുത്തറുക്കല്‍ നടത്തുന്നു. കഴിഞ്ഞ ദിവസം കോവിഡ് ചികിത്സയിലായിരുന്ന പിതാവിന്റെ മരണത്തിനൊപ്പം യുവാവിന് ഇരട്ടപ്രഹരം നല്‍കി ആശുപത്രി ബില്ല്. മുംബൈ സാന്താക്രൂസില്‍ താമസിക്കുന്ന യുവാവിനാണ് ദുരനുഭവം. 15 ദിവസത്തെ ഐസിയു വാസത്തിന് 16 ലക്ഷം രൂപയാണ് ബില്ല് വന്നത്. എന്നാല്‍ അധികബില്ലാണ് നല്‍കിയതെന്ന വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. പല അവയവങ്ങളുടെയും പ്രവര്‍ത്തനം നേരായി നടക്കാത്ത രീതിയില്‍ വളരെ ഗുരുതരാവസ്ഥയിലാണ് രോഗിയെ കൊണ്ടുവന്നതെന്നും നല്‍കാവുന്ന മെച്ചപ്പെട്ട ചികിത്സ തന്നെ നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തങ്ങളുടെ കുടുംബം ക്വാറന്റീനിലായതിനാല്‍ കാര്യങ്ങള്‍ സംസാരിച്ചതെല്ലാം ഫോണിലൂടെയും ഇമെയിലൂടെയുമാണ്. എന്നാല്‍ ചികിത്സാചെലവിനെക്കുറിച്ച് ഒരു വിവരവും ആശുപത്രി കൈമാറിയിരുന്നില്ലെന്നും യുവാവ് പറയുന്നു. ഇടയ്ക്ക് നല്‍കിയ ബില്ല് അടക്കാന്‍ തയ്യാറല്ലെങ്കില്‍ അച്ഛന്റെ ചികിത്സ നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ മരണശേഷം മൃതദേഹം സംസ്‌കാരത്തിനായെത്തിച്ച ആംബുലന്‍സിന് ഈടാക്കിയത് 8000 രൂപയാണ് .പിതാവിനെ നഷ്ടപ്പെട്ട വേദനയ്‌ക്കൊപ്പം കടക്കെണിയിലേക്കെറിയപ്പെട്ട ബില്ല് കൂടി കിട്ടിയ വേദനയിലാണ് യുവാവ്.
Post Your Comments