തെക്കൻ കേരളത്തിലെ അതി പുരാതനമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പട്ടാരത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. ചാമുണ്ഡേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.ചാമുണ്ഡേശ്വരി ദേവി എന്നാൽ ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ജഗദംബയായ ദുർഗ്ഗയുടെ നെറ്റിയിൽ നിന്നും നിന്നും അവതരിച്ച ഉഗ്ര കാളികയാണ് “ചാമുണ്ഡാദേവി അഥവാ ചാമുണ്ഡി”. ഇതേ മഹാകാളി രക്തബീജനെ വധിക്കയാൽ “രക്തചാമുണ്ഡി” എന്നും അറിയപ്പെടുന്നു.
മറ്റൊരു സാഹചര്യത്തിലും ആദിപരാശക്തി ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ ആയിരുന്നു. ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി മഹാകാളി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത ഭദ്രകാളിയെ ചാമുണ്ഡി എന്നറിയപ്പെട്ടു. ആദിപരാശക്തിയുടെ ഏഴു പ്രധാന ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയും ചാമുണ്ഡ തന്നെ. ചാമുണ്ഡേശ്വരി ദേവിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രങ്ങളി പഴക്കമേറിയതും പ്രശസ്തമായ ക്ഷേത്രമാണ് പട്ടാരത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം.
ക്ഷേത്ര ചരിത്രം
നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു വെളുത്തവാവിൻനാൾ രാത്രിയുടെ മൂന്നാംയാമത്തി ൽ സർവ്വാഭീഷ്ടദായിനിയായ ശ്രീ ചാമുണ്ഡേശ്വരി വനനിബിഡമായ ഈ സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് സമീപത്തുള്ള കുളത്തിൽ നീരാടിയശേഷം പട്ടുചേലകൾ പൂവണമരചില്ലകളിൽ തൂക്കിയിട്ട് വിശ്രമിച്ചു. ഋഷിതുല്യനായ കുടുംബ കാരണവർ പ്രഭാതത്തിൽ കണ്ടത് ഹാരം പോലെ തൂക്കിയിട്ടിരിക്കുന്ന പട്ടുചേലകളും, ഒരു നാറുവട്ടി നിറയെ പല വർണ്ണങ്ങളിലുള്ള കുപ്പിവളകളും, ചേലകളും, കുങ്കുമച്ചിമിഴും, സിന്ധൂരച്ചെപ്പും, ഒരു ശൂലവും ആയിരുന്നു.അന്നു രാത്രി ബ്രഹ്മ്മുഹൂർത്തത്തിൽ താപസവര്യനായ അദ്ദേഹത്തിന് ദേവി ദർശനം നൽകി തന്റെ ഇരിപ്പിടം അവിടെയാണെന്നും ചെയ്യേണ്ട പൂജാവിധികൾ എന്തൊക്കെയാണെന്നും വിവരിച്ചുകൊടുത്തു മറഞ്ഞു.
നീരാടിയ കുളവും ചേലകൾ തൂക്കിയിട്ടിരുന്ന വൃക്ഷവും ദേവീസാന്നിദ്ധ്യം സാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്പോഴും നിലകൊള്ളുന്നു. പട്ടുചേലകൾ ഹാരം പോലെ ഇട്ടിരുന്നതിനാൽ ഇവിടം പട്ടാരം എന്നറിയപ്പെടുന്നു. സർവ്വാഭീഷ്‌ട സിദ്ധി, വിദ്യാലാഭം, ഉദ്യോഗലബ്ധി, മംഗല്യഭാഗ്യം, സന്താനലാഭം, രോഗമുക്തി, സമ്പല്സമൃദ്ധി, നാനാരിഷ്ടതകളിൽ നിന്നും മോചനം, ആരോഗ്യം, മനഃശാന്തി, ശത്രുസംഹാരം എന്നിത്യാദികൾ പ്രദാനം ചെയ്‌തുകൊണ്ടു വരദനപ്രിയയായ പട്ടാരത്തു ചാമുണ്ഡേശ്വരി നാടിനേയും നാട്ടാരേയും സംരശിച്ചുപോരുന്നു.
സർപ്പശാപഗ്രസ്തരായ സ്ത്രീകൾക്കും കുടുംബത്തിനും, മോചനത്തിനും ഐശ്വര്യത്തിനും ഇവിടുത്തെ നഗർപൂജ പ്രസിദ്ധമാണ്. ശത്രുസംഹാരത്തിനും മറ്റു ഈതിബാധകളിൽ നിന്നുള്ള മോചനത്തിനും ഇവിടുത്തെ കരുങ്കാളിപൂജയും, കോഴിനേർച്ചയും, പൊങ്കാലയും പ്രസിദ്ധമാണ്. ജന്മനാളുകളിലും, പക്കനാളുകളിലും ദേവിപൂജ, പന്തിരുനാഴി, നാഗർപൂജ, തുലാഭാരം, ഗണപതിഹോമം മുതലായവ നടത്തുന്നത് വളരെ വിശിഷ്ടമാണ്.ക്ഷേത്രത്തിലെ മറ്റൊരു പ്രധാന നേർച്ചയാണ് വട്ടിതാലപ്പൊലി. പൊങ്കാല മഹോത്സവനാളിലെ അവസാന ഉത്സവ ദിവസമായ പൊങ്കാല ദിവസം ഉച്ചസമയത്താണ് വട്ടിതാലപ്പൊലി നടക്കുന്നത്. 10 വയസ്സവരെയുള്ള പെൺകുട്ടികളാൽ അനുഷ്‌ഠിച്ചു വരുന്ന ചടങ്ങാണിത്. പങ്കെടുക്കുന്ന കുട്ടികൾ ദീർഘസുമങ്ങളികളും വിദ്യാസമ്പന്നരുമായി ഭവിക്കുന്നതാണ്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചാമുണ്ഡേശ്വരി ദേവിയാണ്. ഉപദേവതമാരായി ഗണപതി, ശാസ്താവ്, മുരുകൻ, ശിവൻ, മറുത തമ്പുരാട്ടി, മുനീശ്വരൻ, ബ്രമ്മയക്ഷസ്സ്, രക്തചാമുണ്ടി, കരുങ്കാളി അമ്മ, ഗന്ധർവ്വൻ,മാടൻ തമ്പുരാൻ,നാഗദൈവങ്ങൾ എന്നിവരും വാണരുളുന്നു. ക്ഷേത്രത്തിലേക്കുള്ള വഴി തിരുവനന്തപുരം ബസ്സ് സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരം കന്യാകുമാരി ദേശിയപാതയിൽ പാപ്പനംകോട് എന്ന സ്ഥലത്താണ് പ്രശസ്ത്തമായ പട്ടാരത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Post Your Comments