തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരിൽ വഴിയോരക്കച്ചവടക്കാരന് ക്രൂര മർദ്ദനം. വിഴിഞ്ഞം മുക്കോല കരടിവിള പുത്തൻവീട്ടിൽ ഷാനു (28) ആണ് ചന്തയിലെ കരാറുകാരന്റെ നേതൃത്വത്തിൽ മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ വധശ്രമത്തിന് തുമ്പ പൊലീസ് കേസെടുത്തു.
കുളത്തൂർ ചന്തയിലെ കരാറുകാരനായ ശിവപ്രസാദും സംഘവുമാണ് ഷാനുവിനെ അക്രമിച്ചത്. പിക്കപ്പ് വാഹനത്തിൽ വഴിയോരത്ത് ഫ്രൂട്ട്സ് വ്യാപാരം നടത്തുന്നയാളാണ് ഷാനു.
ചന്തയ്ക്ക് പുറത്ത് റോഡരികിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധം കാരണമാണ് മർദ്ദനം എന്നാണ് ഷാനുവിന്റെ പരാതി. ഒരാഴ്ച മുൻപ് മറ്റൊരു കച്ചവടക്കാരനെ 40 രൂപ വരി നൽകാത്തതിന് ശിവപ്രസാദ് മർദിച്ചിരുന്നു എന്നും എന്ന് താൻ അത് തടഞ്ഞ് അയാളുടെ പണം കൂടി നൽകാം എന്ന് പറഞ്ഞിരുന്നതായും ഷാനു പറയുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കുളത്തൂർ ജംഗ്ഷനിൽ കച്ചവടം നടത്തുകയായിരുന്ന ഷാനുവിന്റെ പിക്കപ്പ് വാനിന്റെ താക്കോൽ ശിവപ്രസാദ് ഊരിയെടുത്ത് കൊണ്ടുപോവുകയായിരുന്നു.
താക്കോൽ ചോദിച്ച ഷാനുവിനെ അസഭ്യം വിളിക്കുകയായിരുന്നു. തുടർന്ന് കച്ചവടം ചെയ്തു കൊണ്ടിരുന്ന ഷാനുവിനെ ശിവപ്രസാദിന്റെ നേതൃത്വത്തിൽ മടങ്ങി എത്തിയ ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചു. തളർന്ന് തറയിൽ വീണ ഷാനു എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തലയ്ക്ക് ചുടുകല്ലുവച്ച് ഇടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
നാട്ടുകാർ കൂടിയതോടെ അക്രമി സംഘം സ്ഥലം വിട്ടു. സാരമായി പരിക്കേറ്റ ഷാനുവിനെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. നിരവധി കേസുകളിൽ പ്രതിയാണ് ശിവപ്രസാദ് എന്ന് തുമ്പ പൊലീസ് പറഞ്ഞു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാനു നാട്ടിൽ തിരിച്ചെത്തി അഞ്ചുമാസം മുൻപാണ് വഴിയോര ഫ്രൂട്ട്സ് കച്ചവടം ആരംഭിച്ചത്.
Post Your Comments