
തിരുവനന്തപുരം : പ്രവാസികളുടെ മടങ്ങി വരവിനായി സംസ്ഥാനത്ത് യുദ്ധസമാനമായ ഒരുക്കങ്ങള്‍. ഇതിനൊപ്പം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്കും തുടക്കമായി. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ പദ്ധതി തയാറാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ മടങ്ങിവരാന്‍ താല്പര്യമുള്ളവരുടെ രജിസ്ട്രേഷന് ഇന്നു മുതല്‍ നോര്‍ക്ക തുടങ്ങും.
ദുരന്തനിവാരണ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും ചേര്‍ന്നാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സക്ക് പോയവര്‍, പഠനം, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, വിരമിച്ചവര്‍, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്കാണ് തിരിച്ചുവരുന്നതില്‍ പ്രഥമ പരിഗണന.
ഇന്നലെ വൈകിട്ട് വരെ 150 രാജ്യങ്ങളില്‍ നിന്നായി 2,76,700 പേരാണ് നാട്ടിലേക്ക് വരാന്‍ നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. നാട്ടിലേക്ക് മടങ്ങിയെത്തുന്നവരെ ക്വാറന്റീനിലാക്കാന്‍ ഇതിനകം തന്നെ 2,39,642 കിടക്കകള്‍ക്കുള്ള സൗകര്യം ഒരുക്കി കഴിഞ്ഞു. ഇതില്‍ 1,52,722 കിടക്കകള്‍ സജ്ജമായി. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറികള്‍ കണ്ടെത്തിയതിനുപുറമേ 47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തെരഞ്ഞെടുത്തിട്ടുണ്ട്.
സ്റ്റേഡിയങ്ങളില്‍ മാത്രം ഇരുപതിനായിരത്തിലധികം കിടക്കകള്‍ സജ്ജീകരിക്കാനാകും. ആവശ്യമെങ്കില്‍ കൂടുതല്‍ സ്റ്റേഡിയങ്ങളും മൈതാനങ്ങളും ഏറ്റെടുക്കും. നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ തിരികെക്കൊണ്ടുവരേണ്ടവരുടെ മുന്‍ഗണന പട്ടിക തയ്യാറാക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് െകെമാറും. കോവിഡ് ഇല്ലെന്ന് അതത് സ്ഥലത്തെ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റുള്ളവരെയേ അതിര്‍ത്തി കടത്തിവിടൂ. ഇവരെ ക്വാറന്റീന് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ കണ്ടെത്തണം.
ദിവസവും നിശ്ചിത സമയത്ത് നിശ്ചിത എണ്ണം ആളുകളെ മാത്രം കടത്തിവിട്ടാല്‍ മതിയെന്നും സ്വകാര്യ വാഹനങ്ങളും കേന്ദ്രം അനുവദിക്കുമെങ്കില്‍ അന്തര്‍സംസ്ഥാന ബസുകളും ഏര്‍പ്പെടുത്താമെന്നും ശിപാര്‍ശയുണ്ട്. അതിര്‍ത്തിയില്‍ ആരോഗ്യ പരിശോധന നടത്തും. അമരവിള, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം എന്നീ നാല് ചെക്ക്പോസ്റ്റുകള്‍ വഴി മാത്രം എത്തിച്ചാല്‍ മതിയെന്ന് മോട്ടോര്‍വാഹന വകുപ്പ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
Post Your Comments