ഹൂസ്റ്റണ്‍ : യു.എസില്‍ കോവിഡ് കുറയുന്നു , കൂടുതല്‍ സംസ്ഥാനങ്ങള്‍ തുറക്കുന്നു. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്റ്റിക്കട്ട് എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യയില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. വൈറസ് വ്യാപനത്തിലും വ്യതിയാനമുണ്ട്. മാര്‍ച്ച് ആദ്യത്തെ വ്യാപന മരണനിരക്കിനെ അപേക്ഷിച്ച് മിക്ക സംസ്ഥാനങ്ങളിലും മരണനിരക്ക് ആഴ്ചയുടെ ആദ്യം കുറവു വന്നിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ 367 പേര്‍ മാത്രമാണ് ഞായറാഴ്ച കോവിഡ് ബാധിച്ച് മരണമടഞ്ഞതെന്ന് ഗവര്‍ണര്‍ ക്യൂമോ പറഞ്ഞു. മാര്‍ച്ച് 31 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ന്യൂയോര്‍ക്കില്‍ ഇതുവരെ 16,966 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ന്യൂജഴ്സി സംസ്ഥാനത്ത് 75 പേര്‍ കൂടി മരിച്ചുവെന്ന് ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി ട്വിറ്ററിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 249 മരണങ്ങളില്‍ നിന്ന് കുത്തനെയുള്ള ഇടിവാണിത്. ഏപ്രില്‍ 5 ന് ശേഷം ന്യൂജഴ്സിയില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതുവരെ 5,938 പേരാണ് ഇവിടെ മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരും മരിച്ചവരും ഈ രണ്ടു സംസ്ഥാനങ്ങളിലാണ്. അമേരിക്കയിലിതുവരെ 55425 പേരാണ് മരിച്ചത്. 987,916 രോഗബാധിതരും. ഇതില്‍ 15156 പേര്‍ നിലവില്‍ ഗുരുതരാവസ്ഥയിലുണ്ട്.
നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കുന്നില്ലെങ്കിലും സ്റ്റേ അറ്റ് ഹോമില്‍ ഇളവ് അനുവദിച്ചേക്കാം. സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ ഉത്തരവ് കാലാവാധി അവസാനിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. ഈ രണ്ടു സംസ്ഥാനങ്ങള്‍ തുറക്കുന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തെ മറ്റിടങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക. മെയ് അവസാനം വരെ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നാണ് നിലവിലെ സൂചന. എന്നാല്‍, രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ ഭാഗികമായി ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
Post Your Comments