ന്യൂ ഡൽഹി : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 47 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1975 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 826ഉം,ആകെ രോഗ ബാധിതരുടെ എണ്ണം 26917ഉം ആയെന്നു അധികൃതർ അറിയിച്ചു. ഇതില്‍ 5914 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. രോഗബാധിതരുടെ എണ്ണം 7628ലെത്തി, 323പേർ ഇതുവരെ മരണപ്പെട്ടു. ഗുജറാത്തില്‍ 3071 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 133പേർ മരണമടഞ്ഞു. മധ്യപ്രദേശില്‍ 2096 പേര്‍ക്ക് രോഗം ബാധിച്ചു, 99പേർ മരണപ്പെട്ടു . ഡല്‍ഹിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ നഴ്‌സിങ് സ്റ്റാഫുകളാണ്. ഇതുവരെ 2625 പേര്‍ക്ക് രോഗം ബാധിച്ചു, 54 പേര്‍ മരണപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
സംസ്ഥാനത്ത് 4 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
Post Your Comments