സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദിവസം ചികിത്സയില്‍ കഴിഞ്ഞയാള്‍
തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച് ഏറ്റവും കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിഞ്ഞ പത്തനംതിട്ട വടശേരിക്കര സ്വദേശി ഷേര്‍ളി എബ്രഹാം (62) രോഗമുക്തി നേടി ആശുപത്രി വിട്ടു. 20 പ്രാവശ്യം കോവിഡ് പരിശോധനാ ഫലങ്ങള്‍ പോസിറ്റീവായിരുന്ന ഷേര്‍ളിയുടെ അവസാന രണ്ട് പരിശോധാ ഫലങ്ങള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഷേര്‍ളിക്ക് മികച്ച ചികിത്സ നല്‍കിയ ആശുപത്രിയിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. നീണ്ട ആശുപത്രി വാസത്തിന് ശേഷം സുഖപ്പെട്ട ഷേര്‍ളിക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു.
കേരളത്തില്‍ രണ്ടാംഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലാണ് ഷേര്‍ളിയുമുള്ളത്. ഇറ്റലിയില്‍ നിന്നും വന്ന റാന്നി കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേര്‍ളിയുടെ കുടുംബവും. ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഷേര്‍ളിക്കും മകള്‍ക്കും കോവിഡ് പിടിപെട്ടത്. മാര്‍ച്ച് 8നാണ് ഷേര്‍ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 10നാണ് രോഗം സ്ഥിരീകരിച്ചത്. ആരംഭ സമയത്ത് ചെറിയ രോഗ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. പ്രമേഹ രോഗം ഇല്ലായിരുന്നു. എന്നാല്‍ രക്താദി സമ്മര്‍ദവും കൊളസ്‌ട്രോളും കൂടിയ അവസ്ഥയിലായിരുന്നു. അതിനാല്‍ തന്നെ റിസ്‌കുണ്ടായിരുന്നു. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജില്ല മെഡിക്കല്‍ ഓഫീസറേയും ജില്ല പ്രോഗ്രാം മാനേജറേയും ആശുപത്രി സൂപ്രണ്ടിനേയും നിരന്തരം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച ശേഷം 20 തവണ പരിശോധനകള്‍ നടത്തിയെങ്കിലും അതെല്ലാം പോസിറ്റീവായിരുന്നു. ഏപ്രില്‍ 2ന് നടത്തിയ പരിശോധന നെഗറ്റീവായെങ്കിലും തുടര്‍പരിശോധനാ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഏപ്രില്‍ 20ന് നടത്തിയ പരിശോധനാ ഫലം നെഗറ്റീവായി. ഏപ്രില്‍ 22ന് നടത്തിയ പരിശോധനാ ഫലം വീണ്ടും നെഗറ്റീവായതോടെയാണ് രോഗമുക്തി സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ഷേര്‍ളിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഇനി 14 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ തുടരും.
നീണ്ട വാസത്തിന് ശേഷം ആശുപത്രിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഷേര്‍ളിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ‘പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരുമൊക്കെ എന്റെ മക്കളാ… പ്രതിഭ ഡോക്ടറെ ഞാന്‍ മോളെ എന്നല്ലാതെ വിളിക്കില്ല. ശരിക്കും അവര്‍ക്കും അങ്ങനെ തന്നെയാണ്. എനിക്ക് വീടു പോലെയായിരുന്നു ഇവിടം. നാനാജാതി മതസ്തരാണ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. നന്ദിയുണ്ട്. ഭര്‍ത്താവിനേയും മോനേയും കണ്ടിട്ട് ഏറെനാളായായി. റോഷന്‍ ഡല്‍ഹിയില്‍ ലോക് ഡൗണില്‍ പെട്ടുപോയി. മകള്‍ ഗ്രീഷ്മയ്ക്കും രോഗം വന്നെങ്കിലും നേരത്തെ ഭേദമായി. റാന്നി കുടുംബവുമായി വലിയ ബന്ധമാണ്. ഒരു വീടുപോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്. മറ്റാര്‍ക്കും വരുതെന്ന് കരുതി ഞങ്ങള്‍ സ്വമേധയേയാണ് ആശുപത്രിയിലെത്തിയത്. ഇനി ഇതാര്‍ക്കും… ആര്‍ക്കും വരരുത്… എല്ലാവരോടും നന്ദി മാത്രം.’
പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എന്നിവരുടെ ഏകോപനത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഡോ. അഭിലാഷ്, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
Post Your Comments