Latest NewsKeralaNews

അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച യുവാവ് കള്ളനോട്ട് കേസുകളിലും പ്രതി : വീട്ടില്‍ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ട് ശേഖരം

കട്ടപ്പന: അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച യുവാവ് കള്ളനോട്ട് കേസുകളിലും പ്രതി. വീട്ടില്‍ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ട് ശേഖരം. രണ്ടാം ഭാര്യയുടെ മകനെ പൊള്ളലേല്‍പ്പിച്ച കേസില്‍ യുവാവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കള്ളനോട്ടുകളുടെ വന്‍ശേഖരം പൊലീസ് കണ്ടെത്തിയത്. പന്ത്രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. കൊല്ലം അറയ്ക്കല്‍ തടിക്കാട് വരാലഴികത്ത് വീട്ടില്‍ ഹനീഫ് ഷിറോസിന്റെ (33) ഉപ്പുതറ മാട്ടുത്താവളത്തെ വീട്ടില്‍ നിന്നും വാഗമണ്ണില്‍ വാടകയ്ക്കെടുത്ത ഹോം സ്റ്റേയില്‍ നിന്നുമായാണ് 12,58,000 രൂപയുടെ കള്ളനോട്ടുകള്‍ ഉപ്പുതറ പൊലീസ് പിടിച്ചെടുത്തത്.

പിതാവിന്റെ മരണശേഷം കൊല്ലം തടിക്കാട് എ.കെ.എം. വി.എച്ച്.എസ്.എസിന്റെ ഉടമസ്ഥാവകാശം ഹനീഫ് ഉള്‍പ്പെട്ട ട്രസ്റ്റിനായിരുന്നു. ഉടമസ്ഥാവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് ഇയാള്‍ക്ക് മാനേജര്‍സ്ഥാനം നഷ്ടമായി. തുടര്‍ന്ന് ആദ്യഭാര്യയുമായി പിണങ്ങി പാലക്കാട് സ്വദേശിയായ യുവതിക്കൊപ്പം ഉപ്പുതറ മാട്ടുത്താവളത്തെത്തി സ്ഥലം വാങ്ങി താമസിച്ചു. കഴിഞ്ഞ നവംബറില്‍ യുവതിയുടെ ആദ്യ ബന്ധത്തിലുള്ള അഞ്ചരവയസുള്ള മകനെ പൊള്ളലേല്‍പ്പിച്ചത് കേസായപ്പോള്‍ മുങ്ങി. പന്നീട് യുവതിയുമായി വീണ്ടും അടുത്ത ഹനീഫ് അവരുമായി പേരൂര്‍ക്കടയിലെത്തി താമസമാരംഭിച്ചിരുന്നു. അവിടെ നിന്ന് ജോലിക്കാണെന്നു പറഞ്ഞ് ഉപ്പുതറയിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

വീട്ടില്‍ നിന്നു 15900 രൂപയുടെയും വാഗമണ്ണിലെ ഹോംസ്റ്റേയില്‍ നിന്നു 1242100 രൂപയുടെയും കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കുമളിയില്‍ വാടകയ്ക്കെടുത്ത ഹോം സ്റ്റേയില്‍ നിന്നു കള്ളനോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, പേപ്പറുകള്‍, മഷി എന്നിവയും കണ്ടെടുത്തു. 100, 200, 500, 2000 രൂപയുടെ കള്ളനോട്ടുകളാണ് നിര്‍മ്മിച്ചിരുന്നത്. നോട്ടുകള്‍ വിതരണം ചെയ്തതു സംബന്ധിച്ചും കൂട്ടുപ്രതികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button