തിരുവനന്തപുരം: രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചാൽ മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മാർഗനിര്‍ദേശങ്ങൾ തയാറാക്കി. തിരികെയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം. കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിൽപോലും 9,600 പേരെ മുതൽ 27,600 പേരെ വരെ നിരീക്ഷണത്തിലാക്കേണ്ടിവരും. വിമാനത്താവളങ്ങളിലെ പരിശോധനയിൽ രോഗലക്ഷണങ്ങളുള്ളവർ ഉണ്ടെങ്കിൽ അവരെ ക്വാറന്റീൻ സെന്ററിലോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവർ 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
കേരളത്തിലേക്കു വരുന്ന പ്രവാസികൾ യാത്ര തിരിക്കുന്നതിനു മുൻപ് എത്ര ദിവസത്തിനുള്ളിൽ ടെസ്റ്റ് നടത്തണമെന്ന് തീരുമാനിക്കുന്നതും ആരോഗ്യവകുപ്പ് ആണ്. വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് വിദേശത്തു കഴിയുന്നവർ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വീസ കാലാവധി പൂർത്തിയായവർ, കോഴ്സുകൾ പൂർത്തിയായ സ്റ്റുഡന്റ് വീസയിലുള്ളവർ, ജയില്‍ മോചിതർ, മറ്റുള്ളവർ എന്നിങ്ങനെയാണ് മടങ്ങിയെത്തുന്ന പ്രവാസികളുടെ മുൻഗണനാക്രമം.
Post Your Comments