
കാഞ്ഞങ്ങാട്: പ്രവാസി വ്യവസായി പൂച്ചക്കാട് എം സി ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ മന്ത്രവാദം നടത്തിയ യുവതിയും ഭര്‍ത്താവും അടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമ (38), മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആയിശ (40) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പോലീസ് കണ്ടെത്തി.
സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്. ജിന്നുമ്മ എന്നറിയപ്പെടുന്ന ശമീമയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവരുടെ സഹായികളില്‍ ചിലര്‍ ഒറ്റദിവസം കൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഗള്‍ഫില്‍ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റു ബിസിനസുകളും ഉള്ള ഗഫൂര്‍ ഹാജിയെ 2023 ഏപ്രില്‍ 14നാണ് ഫറൂഖിയ മസ്ജിദിന് സമീപത്തെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വാഭാവിക മരണമാണെന്ന ധാരണയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം ഖബറടക്കി. ഗഫൂര്‍ ഹാജി വായ്പയായി വാങ്ങിയ സ്വര്‍ണാഭരണങ്ങളെ കുറിച്ച് ബന്ധുക്കള്‍ അന്വേഷിച്ചതോടെ കുടുംബം വീട്ടില്‍ പരിശോധന നടത്തിയത്.
Post Your Comments