തിരുവനന്തപുരം • നാലാഴ്ച നീണ്ടുനിന്ന സമ്പൂര്‍ണ ലോക്ക്ഡൗണിന് ശേഷം രോഗവ്യാപനം കുറഞ്ഞ സംസ്ഥാനത്തെ ഏതാനും ജില്ലകളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും ഫലം. സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ കൊണ്ടുവരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
ആഴ്ച്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് വലിയ വെല്ലുവിളി. ഹോട്ടലുകള്‍, വാഹനയാത്രകള്‍, കൂട്ടമായെത്തുന്ന കടകള്‍ എന്നിവിടങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ബ്രെയ്ക്ക് ദ ചെയിന്‍ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.
രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇതുവലിയ അപകട സാധ്യതയാണുണ്ടാക്കുക.
26 ദിവസം നീണ്ട ലോക്ക് ഡൗണ്‍ നീക്കിയ ജപ്പാനിലെ ഹൊക്കായ്‌ഡോ മേഖലയുടെ അനുഭവമാണ് ആരോഗ്യ വകുപ്പിനു മുന്നിലെ പാഠം. രോഗം വീണ്ടും വ്യാപിച്ചതോടെ ഇവിടെ രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.
Post Your Comments