കണ്ണൂര്‍: പാനൂര്‍ പീഡനക്കേസില്‍ പൊലീസ് പോക്‌സോ നിയമ ലംഘനം നടത്തിയെന്ന് ഗുരുതര ആരോപണവുമായി ശിശുക്ഷേമ സമിതി. കണ്ണൂരില്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും സിഡബ്യൂസിയെ (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി – ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാം ക്ലാസുകാരിയെ കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണെന്ന ഗുരുതര ആരോപണവുമായി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ രംഗത്തു വന്നു.
ഈ കേസില്‍ പോക്‌സോ നിയമത്തിന്റെ ലംഘനങ്ങള്‍ ഉണ്ടായി എന്ന് നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നു. പീഡനത്തിനിരയായ കുട്ടിയെ സ്‌കൂളിലും പൊലീസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്‌സോ നിയമത്തിന്റെ ലംഘനമെന്നും ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഇ ഡി ജോസഫ് ആരോപിച്ചു.
സ്‌കൂളില്‍ രണ്ടുതവണ കുട്ടിയെ കൊണ്ടുപോയ അന്വേഷണ ഉദ്യോഗസ്ഥര്‍ യൂണിഫോമിലാണ് കുട്ടിയുടെ അടുത്ത് എത്തിയത്. തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ കുട്ടിയെ എത്തിച്ച് ആറ് മണിക്കൂര്‍ മൊഴി എടുക്കുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ കുട്ടിയുടെ 161 പ്രകാരമുള്ള മൊഴി പൊലീസ് രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധന നടത്തി. അതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തി. പിന്നീടങ്ങോട്ട് ഈ കേസിന്റെ നാള്‍വഴിയില്‍ അന്വേഷണ സംഘം പോക്‌സോ നിയമത്തിന്റെ ലംഘനം പല തവണ നടത്തി എന്നാണ് ആക്ഷേപം.
പോക്‌സോ നിയമ പ്രകാരം പൊലീസ് യൂണിഫോമില്‍ അവരെ സമീപിക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താനോ പാടില്ല എന്നാണ് നിയമം. എന്നാല്‍ ഇങ്ങനെ ചെയ്യണമെങ്കില്‍ ആദ്യം ശിശു ക്ഷേമ സമിതിയുടെ അനുവാദം വാങ്ങണം. അനുമതി വാങ്ങുന്നത് പോയിട്ട് ഇവിടെ കുട്ടിയെ കോഴിക്കോട് കൊണ്ടുപോകുന്ന കാര്യം ശിശുക്ഷേമ സമിതിയെ അറിയിച്ചിട്ട് പോലുമില്ല. കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും ആരോപിക്കുന്നു.
ALSO READ: യുദ്ധം വൈറസിനെതിരെ; നാവിക സേനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയില്‍ പ്രതിരോധ സേന
പാനൂര്‍ പീഡനക്കേസ് പ്രതി അധ്യാപകനായ ബിജെപി നേതാവ് കുനിയില്‍ പദ്മരാജന്‍ തലശ്ശേരി സബ്ജയിലില്‍ റിമാന്‍ഡിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ല. കേസിന്റെ അന്വേഷണം പൊലീസ് തുടരുകയാണ്.
Post Your Comments