ന്യൂഡല്‍ഹി: നാവിക സേനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയില്‍ ആണ് പ്രതിരോധ സേന. നാവികസേനയുടെ മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ കമാന്‍ഡില്‍ 25 സേനാംഗങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ സേനകള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നത്.
മുംബൈ സംഭവം നാവികസേനയുടെ കരുത്തിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും യുദ്ധ മുന്നണിയിലെ ഏതു ദൗത്യവും ഏറ്റെടുക്കാന്‍ (ഓപ്പറേഷനല്‍ റെഡിനസ്) സജ്ജമാണെന്നും സേന വ്യക്തമാക്കി.കോവിഡ് സ്ഥിരീകരിച്ച 25 പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നു എന്നതാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. നിലവില്‍ കര, നാവിക, വ്യോമ സേനകളില്‍ രോഗ ലക്ഷണങ്ങള്‍ കാട്ടുന്നവരെയാണു ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്നത്.എന്നാല്‍, ഇപ്പോള്‍ സേനാംഗങ്ങളെ മുഴുവന്‍ പരിശോധിക്കുക എന്ന വലിയ വെല്ലുവിളിയാണു പ്രതിരോധ സേനകള്‍ നേരിടുന്നത്.
വൈറസ് ബാധയുള്ളയാള്‍ ലക്ഷണങ്ങള്‍ കാട്ടണമെന്നു നിര്‍ബന്ധമില്ലാത്തതിനാല്‍ വരും ദിവസങ്ങളില്‍ സേനാംഗങ്ങളെ വ്യാപകമായി പരിശോധിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
മൂന്ന് സേനകളിലുമായി ഏതാണ്ട് 15 ലക്ഷം സേനാംഗങ്ങളാണുള്ളത്. എന്നാല്‍ ഇവരെ എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കുക പ്രായോഗികമല്ല. അതുകൊണ്ട് യുദ്ധമുന്നണിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയില്‍ നിലയുറപ്പിച്ചിട്ടുള്ള സേനാംഗങ്ങളെയും യുദ്ധവിമാന പൈലറ്റുമാരെയും ആദ്യ ഘട്ടത്തില്‍ പരിശോധനയ്ക്കു വിധേയരാക്കാന്‍ തീരുമാനം. അതിര്‍ത്തി കാക്കുന്ന ജവാന്‍മാര്‍ക്കിടയിലും വ്യാപക പരിശോധന നടത്തും. നിലവില്‍ സമുദ്ര ദൗത്യങ്ങളിലേര്‍പ്പെട്ടിരിക്കുന്ന യുദ്ധക്കപ്പലുകളിലെ ആര്‍ക്കും കോവിഡ് ബാധയില്ലെന്നും സേന കൂട്ടിച്ചേര്‍ത്തു.
Post Your Comments