തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് ആക്ടിൽ ഭേദഗതി വരുത്തി. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ചായിരിക്കും പിഴ നിശ്ചയിക്കുക. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് 500 മുതല്‍ 5000 രൂപവരെയാണ് കുറ്റവാളികളില്‍ നിന്നും പിഴ ഈടാക്കുക.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരം നല്‍കുക, ഫയര്‍ഫോഴ്‌സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ വഴിതെറ്റിക്കുകയോ, ഈ വിഭാഗങ്ങള്‍ക്ക് വ്യാജ സന്ദേശം നല്‍കുകയോ ചെയ്യുക എന്നി കുറ്റകൃത്യത്തിനും 5000 രൂപയാണ് പിഴയായി ഈടാക്കുക. 1000 രൂപവരെയുള്ള പിഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് കുറ്റവാളികളില്‍ നിന്നും ഈടാക്കാം. അതിനു മുകളില്‍ 5000 രൂപവരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഈടാക്കാനാകും.
പുതുക്കിയ ചട്ടപ്രകാരം പോലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താല്‍ കുറ്റവാളിയുടെ കയ്യില്‍ നിന്നും 5000 രൂപ പിഴ ഈടാക്കും. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലഹരിപദാര്‍ഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വില്‍ക്കുകയോ സ്‌കൂള്‍ പരിസരത്ത് സൂക്ഷിക്കുകയോ ചെയ്താല്‍ 5000 രൂപ പിഴയായി ഈടാക്കും.
വളര്‍ത്തുമൃഗങ്ങളെ അയല്‍വാസികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അസൗകര്യമുണ്ടാക്കുന്നവിധത്തില്‍ അലക്ഷ്യമായിവിടുക, മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂര്‍ മുന്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോകുക, വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയില്‍ കൂടുതല്‍ തള്ളിനില്‍ക്കുന്ന സാധനവുമായി സഞ്ചരിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ക്ക് 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകള്‍ പതിച്ചാല്‍ 1000 രൂപയാണ് കുറ്റവാളിയില്‍ നിന്നും ഈടാക്കുക. ഫോണ്‍, ഇ-മെയില്‍ തുടങ്ങിയവവഴി ഒരാള്‍ക്ക് ശല്യമുണ്ടാക്കിയാല്‍ 1000 രൂപ കുറ്റവാളികളില്‍ നിന്നും പിഴയായി ഈടാക്കും.
Post Your Comments