Latest NewsNewsGulf

ജിസിസി രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു : ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 22,000 കേസുകള്‍ : വൈറസ് ബാധ കൂടുതല്‍ പ്രവാസികളില്‍ : പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ദുബായ്: ജിസിസി രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 22,000 കേസുകളാണ്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ടായിരത്തിലേറെ പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം 22,000 കടന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു. എല്ലാ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ആശങ്കയിലാണ്. പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ രോഗം പടരുന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു.

read also : വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോഗ്യവിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ യു.എ.ഇയില്‍ 20,000 ദിര്‍ഹം പിഴ : പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം

അബുദാബിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

അബുദാബിയിലാണ് രണ്ട് മലയാളികള്‍ മരിച്ചത്. 477 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6302 ആയി. മരിച്ചത് 37 പേര്‍. 93 പേര്‍ കൂടി രോഗമുക്തി നേടിയതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1188 ആയി.

ബഹ്‌റൈനില്‍ രോഗികളില്‍ 260 ഇന്ത്യക്കാര്‍

ബഹ്‌റൈനില്‍ 125 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 260 ആയി. ആറ് ഇന്ത്യക്കാര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസങ്ങളില്‍ തൊഴിലാളി ക്യാമ്ബുകളില്‍ നടത്തിയ പരിശോധനയിലാണ് നിരവധി പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ക്യാമ്ബുകളില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നതാണ് രോഗം വ്യാപിക്കാന്‍ ഇടയാക്കുന്നത്. പ്രവാസി തൊഴിലാളികളെ സ്‌കൂളുകളിലേക്കും മറ്റും മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബഹ്‌റൈനില്‍ 1740 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 726 പേര്‍ക്ക് രോഗം ഭേദമായി.

കുവൈറ്റില്‍ 64 ഇന്ത്യാക്കാര്‍ക്ക് കൊവിഡ്

കുവൈറ്റില്‍ വെള്ളിയാഴ്ച 134 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റിലെ ആകെ രോഗികളുടെ എണ്ണം 1658 ആയി. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം അഞ്ചായി. 58 വയസുള്ള കുവൈറ്റ് സ്വദേശിയും 69കാരനായ ഇറാന്‍ പൗരനുമാണ് മരിച്ചത്. വെള്ളിയാഴ്ച 33 പേര്‍ കൂടി രോഗമുക്തരായതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 258 ആയി. ഇപ്പോള്‍ ചികിത്സയിലുള്ളത് 1395 പേരാണ്.

സൗദിയില്‍ 762 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സൗദി അറേബ്യയിലാണ്. 762 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതുടെ എണ്ണം 7142 ആയി. കഴിഞ്ഞ ദിവസം നാലുപേരാണ് മരിച്ചത്. മരണസംഖ്യ 87 ആയി. 1049 പേര്‍ സുഖംപ്രാപിച്ചു. ചികിത്സയിലുള്ളത് 6006 പേരാണ്. ഇതില്‍ 74 പേരുടെ നില ഗുരുതരമാണെന്ന് സൗദ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ രോഗികള്‍ ഖത്തറില്‍

ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഖത്തറിലാണ്. ഇന്നലെ 56 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 4663 ആയി. രോഗം ഭേദമായവരുടെ എണ്ണം 464 ആണ്. വെള്ളിയാഴ്ച 49 പേരാണ് സുഖംപ്രാപിച്ച് ആശുപത്രികളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. ചികിത്സയില്‍ കഴിയുന്നത് 4192 പേരാണ്. ആകെ 60,000 ഓളം പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധന ഇനിയും വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഖത്തറില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് ഏഴുപേരാണ്.

ദുബായില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി

ദുബായില്‍ ദേശീയ അണുനശീകരണ ക്യാമ്പയിന്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. 24 മണിക്കൂറും അണുനശീകരണം നടത്തുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ദുബായ് ഒരാഴ്ച കൂടി ലോക്ക് ഡൗണിലായി. ഏപ്രില്‍ നാലിന് തുടങ്ങിയ അണുനശീകരണ പദ്ധതി വിജയമാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് പറഞ്ഞു. ആളുകള്‍ക്ക് അവശ്യ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വാങ്ങാനായി പുറത്തിറങ്ങാം. അവശ്യസേവനങ്ങളായി കണക്കാക്കുന്ന ജോലികള്‍ക്കായും പുറത്ത് പോകാം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button