തിരുവനന്തപുരം • ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം. 2017 ലാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട്ട് ഒരു സ്കൂളിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കാന്‍ പണം വാങ്ങിയെന്നാണ് പരാതി.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭനാണ് പരാതി നല്‍കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കാനായി മുസ്ലിംലീഗിന്റെ പൂതപ്പാറ കമ്മിറ്റി 25 ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഷാജി ഇടപെട്ടാണ് പണം വാങ്ങിയതെന്നാണ് ആരോപണം. പരാതിയില്‍ കഴമ്പുണ്ടെന്ന് ജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ തുടരന്വേഷണത്തിന് സ്പീക്കറോടും സര്‍ക്കാരിനോടും വിജിലന്‍സ് അനുമതി തേടിയിരുന്നു.
അതേസമയം, വിജിലന്‍സ് അന്വേഷണം പ്രതികാര നടപടിയാണെന്ന് കെ.എം ഷാജി പ്രതികരിച്ചു. ലീഗിന്റെ ഒരു ഘടകത്തിനും ഇങ്ങനെ ഒരു പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ താന്‍ നിലപാട് സ്വീകരിച്ചു. ഇനി പലതരത്തിലുള്ള അന്വേഷണവും നേരിടേണ്ടി വരുമെന്നും ഷാജി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.
ഇത് പ്രതീക്ഷിച്ച കാര്യമാണ്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി നിര്‍ത്തിവച്ച കേസാണിത്. ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് ഫോണില്‍ പോലും വിളിച്ചിട്ടില്ല. ഇങ്ങനെ പരാതി നല്‍കിയെന്ന് ഒരു പ്രാദേശിക പത്രത്തില്‍ വായിച്ചത് ഓര്‍മയുണ്ട്. പാര്‍ട്ടി നേതാക്കന്മാരുമായി ആലോചിച്ചതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കും ഷാജി കൂട്ടിച്ചേര്‍ത്തു.
Post Your Comments