KeralaLatest News

ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാർ, അച്ഛൻ മരിച്ചത് അൾസർ കൂടി, കുഞ്ഞനന്തന്റെ മരണത്തില്‍ കെ എം ഷാജിയെ തള്ളി മകൾ

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മകള്‍ ഷബ്‌ന മനോഹരന്‍. മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജിയുടെ ആരോപണത്തെ തള്ളിയാണ് ഷബ്‌ന രം​ഗത്തെത്തിയത്. കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്നുമാണ് ഷബ്‌നയുടെ വെളിപ്പെടുത്തൽ.

”ഞങ്ങള്‍ക്ക് അങ്ങനെയൊരു ആരോപണം ഇല്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി ചികിത്സ നല്‍കിയില്ലെന്ന ആരോപണം ഉണ്ട്. അതിനാലാണ് അള്‍സര്‍ ഗുരുതരമായത്. പല തവണ ഉന്നയിച്ചപ്പോളും വ്യാജമാണെന്ന് യുഡിഎഫും മാധ്യമങ്ങളും ഒരുപോലെ പറഞ്ഞു. എല്‍ഡിഎഫ് വന്നപ്പോഴേക്കും രോഗം പാരമ്യത്തില്‍ എത്തിയിരുന്നു. യുഡിഎഫ് അച്ഛനെ കൊന്നതാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നില്ലേ”. ഷബ്ന ആരോപിച്ചു.

ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണ്. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ് ഇതിനൊക്കെ അടിസ്ഥാനമെന്നും കെ എം ഷാജി ആരോപിച്ചിരുന്നു.

ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി കെ കുഞ്ഞനന്തന്‍. വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ജയിലില്‍ ആയിരിക്കെ തന്നെ കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button