കൊച്ചി • കൊറോണ ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയെ അതിജീവിക്കാന്‍ ട്വന്‍റി 20യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് 75 ശതമാനം വരെ വില കുറച്ചു. ഘട്ടങ്ങളായി വിലകുറച്ച് മേയ് ഒന്നു മുതലാണ് 75 ശതമാനം വിലക്കിഴിവ് ലഭ്യമാക്കുക. ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായാല്‍ വീണ്ടും വിലകുറയ്ക്കുമെന്നും ട്വന്‍റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. ലോക്ഡൗണ്‍ കാലാവധിക്കു ശേഷം ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നത്. ആവശ്യമായാല്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ സൗജന്യമായും അവശ്യവസ്തുക്കള്‍ ലഭ്യമാക്കും. കിഴക്കമ്പലത്തെ ജനങ്ങള്‍ക്ക് ഒരു തരത്തിലും ക്ഷാമം ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, എല്ലാ സാധനങ്ങളുടെയും ലഭ്യത ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു . ഡിസ്കൗണ്ട് ആനൂകൂല്യം എല്ലാവര്‍ക്കും ലഭ്യമാണ്. അംഗത്വ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കും. ഇതിനായി ട്വന്‍റി 20 ഭാരവാഹികളുമായോ , വാര്‍ഡ് മെമ്പര്‍മാരുമായോ ബന്ധപ്പെട്ടാല്‍ മതി.
അതിഥി തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ക്കു ഭക്ഷണമെത്തിക്കാന്‍ സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള കമ്മ്യൂണിറ്റി കിച്ചണ്‍ ട്വന്‍റി 20 യും പഞ്ചായത്തും ചേര്‍ന്ന് നടത്തുന്നുണ്ട്. അര്‍ഹരായ 200 പേര്‍ക്ക് എല്ലാ ദിവസവും ഇവിടുന്നു സൗജന്യമായി ഭക്ഷണപ്പൊതികള്‍ മൂന്നുനേരവും എത്തിക്കുന്നുണ്ട്. ട്വന്‍റി 20 യുടെ നേതൃത്വത്തില്‍ കിഴക്കമ്പലത്തു ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.
Post Your Comments