ന്യൂഡല്‍ഹി : കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ രോഗം ബാധിച്ചു മരിച്ച പശ്ചാത്തലത്തില്‍ തബ്ലീഗ് മേധാവി മൗലാന സാദിനും ആറു അനുയായികള്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഇവരുടെ നടപടികള്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ക്കു കാരണമായെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഐപിസി 304 വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
നിലവിലുള്ള എഫ്ഐആറില്‍ പബ്ലിക് പ്രോസിക്യൂട്ടറിന്റെ ഉപദേശപ്രകാരം ഐപിസി 304 കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നു ഡല്‍ഹി പൊലീസ് പിആര്‍ഒ മന്‍ദീപ് രണ്‍ദവ പറഞ്ഞു. ഇതിനു മുമ്പ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ജാമ്യം ലഭിക്കാവുന്ന തരത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ മൗലാന സാദ് ഡല്‍ഹിയില്‍ ഒരു സഹായിയുടെ വീട്ടില്‍ ക്വാറന്റൈനിലാണെന്ന വിവരം ശബ്ദസന്ദേശങ്ങളിലൂടെ പുറത്തുവന്നിരുന്നു. ക്വാറന്റൈന്‍ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ പൊലീസ് ഇനി അദ്ദേഹത്തില്‍നിന്നു മൊഴി രേഖപ്പെടുത്തും.
നേരത്തെ മൗലാന സാദിനു 26 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടുവട്ടം നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ മര്‍ക്കസില്‍ ഇല്ലെന്നും ക്വാറന്റൈനിലാണെന്നും അതുകൊണ്ടു പല ചോദ്യങ്ങള്‍ക്കും ഉത്തരം അറിയില്ലെന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നു. കൂടാതെ ആവശ്യപ്പെട്ടാല്‍ അദ്ദേഹം പൊലീസിനു മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചിരുന്നു.
സാദിനെ കൂടാതെ സമ്മേളനത്തിന്റെ സംഘാടകരായ 18 പേര്‍ക്കെതിരെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കാനും എന്തുകൊണ്ടാണ് നിയന്ത്രണങ്ങള്‍ മറികടന്ന് സമ്മേളനം സംഘടിപ്പിച്ചതെന്നു വിശദീകരിക്കാനും ആവശ്യപ്പെട്ട് ഡല്‍ഹി ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു.
Post Your Comments