2021 ഐസിസി വനിത ഏകദിന ലോകകപ്പിന് ഇന്ത്യ നേരിട്ട് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാനിരുന്ന എന്നാല്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട പരമ്പരയുടെ പോയിന്റുകള്‍ തുല്യമായി പങ്കുവയ്ക്കുവാന്‍ ഐസിസിയുടെ ടെക്കനിക്കല്‍ കമ്മിറ്റി തീരുമാനിച്ചതോടെയാണ് ആതിഥേയരായ ന്യൂസിലന്‍ഡിനൊപ്പം ഇന്ത്യ നേരിട്ട് യോഗ്യത നേടിയത്. ഇവരെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് നേരിട്ട് യോഗ്യത നേടിയ മറ്റു ടീമുകള്‍.
2019 ജൂലൈ-നവംബറിന് ഐസിസി വനിത ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടുള്ള ആറാം റൗണ്ടായിട്ടായിരുന്നു ഇന്ത്യ-പാക്ക് പരമ്പര നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇരു ബോര്‍ഡുകളും ശ്രമിച്ചുവെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുമതി ബിസിസിഐയ്ക്ക് ലഭിക്കാത്തിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പോയിന്റുകള്‍ തുല്യമായി വീതിച്ചതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തുയായിരുന്നു.
നേരത്തെ ഇന്ത്യയ്ക്ക് 20 ഉം പാക്കിസ്ഥാന് 16 ഉം പോയിന്റായിരുന്നു ഉണ്ടായിരുന്നത്. ബിസിസിഐ പരമ്പര ആതിഥേയത്വം വഹിക്കുവാന്‍ രാഷ്ട്രീയ-നയതന്ത്ര കാരണങ്ങള്‍ പറഞ്ഞ് നിരസിച്ചപ്പോള്‍ ആറ് പോയിന്റുകളോളം പാക്കിസ്ഥാന് നല്‍കേണ്ട സാഹചര്യം വരുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ പോയിന്റ് തുല്യമായി വീതിക്കാന്‍ തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് 23 പോയിന്റും പാക്കിസ്ഥാന് 19 പോയിന്റുമായി.
Post Your Comments