Latest NewsSaudi ArabiaNewsGulf

അതിരുകളില്ലാത്ത ഒരു ഇരുണ്ടകാലത്തിലേയ്ക്ക് മനുഷ്യരെ വൈറസ് കൊണ്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു … വല്ലാത്ത ഭയം ഉടലെടുത്തിരിയ്ക്കുന്നു.. ഇങ്ങനെ എത്രനാള്‍…

ദമാം : അതിരുകളില്ലാത്ത ഒരു ഇരുണ്ടകാലത്തിലേയ്ക്ക് മനുഷ്യരെ വൈറസ് കൊണ്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു … വല്ലാത്ത ഭയം ഉടലെടുത്തിരിയ്ക്കുന്നു.. ഇങ്ങനെ എത്രനാള്‍… പണവും പ്രതാപവും ഒന്നുമല്ലെന്ന് ഏവരേയും ചിന്തിപ്പിയ്ക്കുന്ന ഗള്‍ഫ് പ്രവാസിയുടെ കുറിപ്പ് വൈറലാകുന്നു സൗദിയാണ് ഗള്‍ഫില്‍ ഏറ്റവുമധികം കോവിഡ് 19 നിയന്ത്രണമുള്ള രാജ്യങ്ങളിലൊന്ന്. മിക്ക നഗരങ്ങളും പൂര്‍ണമായും വിജനമായി. ഇതിനിടയില്‍ വീടകങ്ങളില്‍പ്പെട്ട് പലരും മാനസിക വിഷമങ്ങള്‍ നേരിട്ടു തുടങ്ങിയിട്ടുണ്ട്. പ്രവാസ ലോക് ഡൗണിലെ തന്റെ അവസ്ഥയും ചുറ്റുവട്ടത്തെ ജീവികളുടെ ദുരിതങ്ങളും വിവരിക്കുകയാണ് എഴുത്തുകാരിയും അഭിഭാഷകയുമായ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി ആര്‍.ഷാഹിന:

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

‘അതിരുകളില്ലാത്ത ഒരു ഇരുണ്ടകാലത്തിലേയ്ക്ക് മനുഷ്യരെ വൈറസ് കൊണ്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു. ക്യത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഒരു മാസമായിട്ട് ഫ്‌ലാറ്റുകളിലും വീടുകളിലും തളച്ചിട്ട മനുഷ്യര്‍ മാത്രമേ ചുറ്റുമുള്ളൂ. ഗവണ്മെന്റ്, പ്രൈവറ്റ് കമ്പനികളും വര്‍ക്ക് ഫ്രം ഹോം ആക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി സ്‌കൂള്‍ പരീക്ഷകള്‍ മുടക്കി കൊണ്ട് മാര്‍ച്ച് 8 നു അടച്ചിട്ടു. ആദ്യമൊന്നും ഈ മാറ്റങ്ങള്‍ വലിയ പ്രശ്‌നമായി തോന്നിയില്ല എന്നതാണു സത്യം.

മൂന്നുവര്‍ഷമായി പ്രവാസി വീട്ടമ്മ റോളില്‍ കൂടിയായതുകൊണ്ട് ദിനചര്യകളില്‍ സ്വന്തം ഇഷ്ടത്തിനായിരുന്നു പ്രധാനം. സിനിമയും എഴുത്തും വായനയും പാചകവും കുടുംബവുമായി സ്വസ്ഥമായി പോകുന്ന എന്റെ ജീവിതത്തില്‍ മാറ്റമായി തോന്നിയത് പകല്‍ സമയങ്ങളില്‍ കൂടി ഭര്‍ത്താവും മോളും കൂടെയുണ്ടാകുന്നു എന്നത് മാത്രമാണ്. എന്നാല്‍ ദിനം കഴിയും തോറും അനീഷിന്റെ ജോലിയുടെ ടെന്‍ഷനും വീട്ടില്‍ ഇരുന്നുള്ള പണിയുടെ പ്രഷറും. മോള്‍ക്ക് ബോറടിക്കുന്നതിന്റെ പരാതികളും കൊറോണയുടെ മാറ്റങ്ങളെ മനസ്സിലാക്കി തന്നു തുടങ്ങി. അനീഷിന്റെ ഉമ്മിച്ചിയും എയര്‍പോര്‍ട്ട് അടച്ചതിനാല്‍ നാട്ടില്‍ പോകാനാവാതെ ഇവിടെയായി.

ഞങ്ങള്‍ക്ക് ഒപ്പം കിളികളും കുറച്ച് മീനുകളും ജീവിക്കുന്നുണ്ട്. മീനുകളുടെ ഭക്ഷണം തീര്‍ന്നു. അതുവാങ്ങാന്‍ പോയിട്ട് കിട്ടിയതുമില്ല. ചില പരീക്ഷണങ്ങളില്‍ (ക്യാരറ്റും ഗ്രീന്‍പീസും മിക്‌സ്) അവയുടെ ജീവനെ പിടിച്ചു നിര്‍ത്തുന്നു. കിളികളില്‍ പ്രിയപ്പെട്ടയാള്‍ ഇതിനിടെ ചത്തു പോയി. കൊക്കീമ എന്ന കൊക്കീടെയില്‍! ഫിഞ്ച് വര്‍ഗത്തില്‍പ്പെട്ടവയില്‍ ഉള്ളവ ഇതിനിടെ മുട്ടയിട്ട് വിരിഞ്ഞു 3 കുഞ്ഞിക്കിളികള്‍ കൂടി.

എഴുത്തില്‍ സ്വയം ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. നാടകത്തിന്റെ ഒരു സ്‌ക്രിപ്റ്റ് എഴുതിയെന്നതും ഇതിനിടയിലെ സന്തോഷം. പുറത്തേയ്ക്ക് ഇറങ്ങാന്‍ കഴിയാത്തത് കൊണ്ട് ഫ്‌ലാറ്റിന്റെ മുകളില്‍ ചെന്ന് ആകാശം നോക്കി നില്‍ക്കും. വെറുതെ കാറ്റ് കൊണ്ട് നില്‍ക്കുമ്പോള്‍ ചുറ്റും ഉയര്‍ന്നു പൊങ്ങിയ സമുച്ചയങ്ങളിലെ ജീവിതം എങ്ങനെയാകുമെന്ന് ആലോചിക്കുമ്പോള്‍. അതിജീവനത്തിനായി പ്രവാസിയായ എത്രയോ ജന്മങ്ങള്‍ അതില്‍ പെട്ട് കിടപ്പുണ്ടാകും.

അടുക്കളയില്‍ പുതിയ പാചകപരീക്ഷണങ്ങളും ടിക് ടോക് രസങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായും തുടക്ക ദിവസങ്ങള്‍ ഉഷാറാക്കിയെങ്കിലും, ലോകത്തിന്റെ അനിശ്ചിതാവസ്ഥ വാര്‍ത്തകളില്‍ അറിയുമ്പോള്‍ ഉള്ളില്‍ ഭയം ഉടലെടുത്ത് തുടങ്ങിയിരിക്കുന്നു. എത്രനാള്‍ ഇങ്ങനെ?

സൗദിയില്‍ ക്യത്യമായി നിയന്ത്രണങ്ങളില്‍ വൈറസിനെ പ്രതിരോധിക്കുന്നുണ്ട്. ഇപ്പോള്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ആക്കിയിട്ടുള്ള സ്ഥലങ്ങളില്‍ ദമാമും ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്ത ഫ്‌ലാറ്റില്‍ ഉള്ളവരെ പോലും കണ്ടിട്ട് ആഴ്ചകളായിരിക്കുന്നു. പുരുഷന്മാര്‍ മാത്രം അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ മാസ്‌ക്കും ധരിച്ചു പോകുന്നുണ്ട്. തിരിച്ചു വരുമ്പോള്‍ കൈകഴുകി വ്യത്തിയാക്കുന്നതും ശീലമായി. കടകളില്‍ നല്ല തിരക്കുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നു. അവശ്യസാധനങ്ങള്‍ക്ക് വില കൂടിയിട്ടുമുണ്ട്.

സൗഹ്യദങ്ങളെ ഫോണില്‍ വിളിക്കുമ്പോള്‍ ആശങ്കയില്‍ കുതിര്‍ന്ന ശബ്ദമാണ് അധികവും. നാട്ടില്‍ ഇനിയെന്ന് പോകുമെന്നറിയാതെ, ഉറ്റവരേയും ഉടയവരേയും ഓര്‍ത്തുള്ള വേവലാതിയും ഒക്കെ മനസ്സിനെ നീറ്റുന്നത് പരസ്പരം പങ്കുവയ്ക്കുമ്പോഴും അതിലേറെ ആശങ്ക ജോലിയില്‍ വരാന്‍ പോകുന്ന അരക്ഷിതാവസ്ഥയാണ്. പല കമ്പനികളും സാലറിയില്‍ കുറവ് വരാനുള്ള സാധ്യതകളേയും ലീവും ഒക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ആ മുന്നറിയിപ്പുകളില്‍ പലരും നിരാശയിലേക്ക് കൂപ്പുകുത്തുന്നുണ്ട്.

സാമ്പത്തിക അരാജകത്വത്തോടപ്പം മാനസിക സമ്മര്‍ദ്ധവും ജീവിതത്തിന്റെ താളം തെറ്റിക്കുമെന്ന മുന്നറിയിപ്പിലും സര്‍ക്കാരിലുള്ള പ്രതീക്ഷ കൈവെടിയുന്നില്ല.

ഈ ഇരുളും മാറും…വെളിച്ചം എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button