കൊച്ചി•കോവിഡ് 19നുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ചാനലുകളിലുടനീളം കൃത്യതയില്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലേക്ക് ശരിയായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, പ്രമുഖ ക്ലൗഡ് അധിഷ്ഠിത മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ ഔദ്യോഗിക ചാനല്‍ തുടങ്ങി. MyGov Corona Newsdesk എന്ന പേരിലുള്ള ചാനലില്‍ നിന്ന് മൊബൈല്‍ വഴിയും ഡെസ്‌ക്ക്‌ടോപ്പിലൂടെയും വിവരങ്ങള്‍ അറിയാം.
നിലവില്‍ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഈ ചാനല്‍ വഴി കൈമാറും. കോവിഡ് 19നുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ തടയാനും രോഗ പ്രതിരോധത്തിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം എന്നിവയുമായി സഹകരിക്കുന്നതിന്റെയും ഭാഗമായാണ് മൈഗോവ് (MyGov) പുതിയ സംരംഭത്തിന് തുടക്കമിട്ടത്. വളരെ ആധികാരികമായ ഉറവിടവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനാല്‍ നിലവിലെ കോവിഡ് 19 സാഹചര്യത്തെ കുറിച്ചുള്ള വിവരങ്ങളും പുതിയ വാര്‍ത്തകളും അറിയാന്‍ പൊതുജനങ്ങള്‍ക്ക് ഈ പ്ലാറ്റ്‌ഫോമില്‍ ചേരാം.
വസ്തുതാപരമായ ഡാറ്റയും പ്രസക്തമായ വാര്‍ത്താ ഭാഗങ്ങളും ചാനല്‍ വഴി പൊതുജനങ്ങള്‍ക്കായി പങ്കിടും. കൂടാതെ സര്‍ക്കാര്‍ ഉപദേശങ്ങള്‍, നിലവിലെ സാഹചര്യത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും, ശുചിത്വത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, എന്നിവ സംബന്ധിച്ച നിര്‍ണായക അപ്‌ഡേറ്റുകളും നല്‍കും. കോവിഡ് 19 സന്നദ്ധ പ്രവര്‍ത്തനത്തിനോ സംഭാവനയ്‌ക്കോ ബന്ധപ്പെടുന്നതിന് വേണ്ടി ഓര്‍ഗനൈസേഷനുകള്‍ക്കായി സംസ്ഥാനം തിരിച്ചുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും ചാനലില്‍ പ്രത്യേകം നല്‍കിയിട്ടുണ്ട്. മുഴുവന്‍ സമയവും ചാനല്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. ടെലിഗ്രാം മെസഞ്ചറിലെ മൈഗോവ് കൊറോണ ന്യൂസ്‌ഡെസ്‌ക് ചാനലിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ലിങ്ക്: https://t.me/MyGovCoronaNewsdesk
Post Your Comments