സിനിമാ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം ഒരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തിയേറ്ററുകളിൽ പുറത്തിറങ്ങുന്ന സിനിമകൾ ഉടനടി ടെലഗ്രാമുകളിൽ എത്തുന്നത് തടയിടാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. സിനിമാറ്റോഗ്രാഫ് ഭേദഗതി ബിൽ 2023-ന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച വിവരങ്ങൾ ഇൻഫോർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
പൈറേറ്റഡ് ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വഴി പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് സിനിമാ മേഖല അഭിമുഖീകരിക്കുന്നത്. ഓരോ ഘട്ടത്തിലും നിരവധി തരത്തിലുള്ള അണിയറ പ്രവർത്തകരുടെ ശ്രമത്തിന്റെ ഫലമായാണ് ഒരു സിനിമ വിജയകരമായി തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ, അത് പൈറസി വഴി സ്വന്തമാക്കുന്നവർ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. പൈറസി നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും ചുരുങ്ങിയത് 3 ലക്ഷം രൂപ മുതലാണ് പിഴ ഈടാക്കുക.
പൈറസിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി 12 നോഡൽ ഓഫീസർമാരെയാണ് കേന്ദ്രസർക്കാർ നിയമിച്ചിരിക്കുന്നത്. കണ്ടന്റ് നിർമ്മിക്കുന്ന ഉടമയ്ക്ക് പരാതി ഉണ്ടെങ്കിൽ, നോഡൽ ഓഫീസർമാരെ സമീപിക്കാവുന്നതാണ്. ഇത്തരം പരാതികളിൽ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് നോഡൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ സമൂഹ മാധ്യമങ്ങൾക്കും ഇത് ബാധകമാണ്.
Post Your Comments