തിരുവനന്തപുരം:എവിടെ പ്രതിസന്ധിയുണ്ടോ, പരിഹാരവുമായി അവിടെയെല്ലാം ഒരു കേരളാകേഡര്‍ ഐ.പി.എസുകാരന്‍ പറന്നെത്തും. ഇന്ത്യയുടെ ജെയിംസ്ബോണ്ട് അജിത് ഡോവല്‍.ഏത് പ്രതിസന്ധിയിലും രാജ്യത്തിന് രക്ഷകനാണ് ഡോവല്‍. മിസോ നാഷണല്‍ഫ്രണ്ടില്‍ നുഴഞ്ഞുകയറി സംഘടനയെ ഛിന്നഭിന്നമാക്കി മിസോറം ഇന്ത്യയോടു ചേര്‍ത്തതില്‍ ഡോവലിന്റെ കൈയുണ്ട്. എയര്‍ഇന്ത്യ വിമാനം റാഞ്ചിയ താലിബാന്‍ ഭീകരരുമായി വിലപേശാന്‍ കാണ്ടഹാറിലേക്കയച്ചതും ഡോവലിനെയാണ്. 41ഭീകരരെ വിട്ടുകിട്ടണമെന്നായിരുന്നു ഭീകരരുടെ വിലപേശല്‍.
അത് മൂന്ന് ഭീകരരെ എന്നാക്കി കുറച്ചത് ഡോവലിന്റെ മിടുക്ക്. സുവര്‍ണക്ഷേത്രത്തിലെ ‘ഓപ്പറേഷന്‍ ബ്ലാക്ക്തണ്ടര്‍’ അദ്ദേഹത്തെ സൈനികബഹുമതിയായ ‘കീര്‍ത്തിചക്ര’ നേടിയ ആദ്യ പൊലീസുദ്യോഗസ്ഥനാക്കി. ഐസിസ് ഭീകരര്‍ തടവിലാക്കിയ 46മലയാളി നഴ്സുമാരെ 2014ല്‍ ഇറാഖില്‍ നിന്ന് മോചിപ്പിച്ചത് ഡോവലിന്റെ മിടുക്കിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇറാഖ് ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോള്‍ ഐസിസുമായി അടുപ്പമുള്ള സുന്നി നേതാക്കളുമായായിരുന്നു ഡോവലിന്റെ ‘ഓപ്പറേഷന്‍’. ഇറാക്ക് സര്‍ക്കാര്‍ സൈനികനടപടി വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കേണ്ടെന്നായിരുന്നു ഡോവലിന്റെ ശുപാര്‍ശ.
ആശങ്കയുടെ മൂന്ന് ദിവസങ്ങള്‍ക്കുശേഷം നഴ്സുമാരെ കേരളത്തിലേക്ക് വിമാനം കയറ്റി ഡോവല്‍ കൈയടിനേടി.ആഭ്യന്തര കലാപത്തില്‍ ലിബിയയില്‍ കുടുങ്ങിയ 18നഴ്സുമാരെ അവിടത്തെ സൈന്യത്തിന്റെ സഹായത്തോടെ കൊച്ചിയിലെത്തിച്ചതിലും ആഭ്യന്തരയുദ്ധത്തെതുടര്‍ന്ന് യെമനില്‍ കുടുങ്ങിയ നഴ്സുമാരെ രക്ഷിച്ചതിലും ഡോവലിന്റെ മിടുക്കുകണ്ടു. 1971ല്‍ തലശേരി കലാപം അടിച്ചമര്‍ത്താന്‍ കെ.കരുണാകരന്‍ നിയോഗിച്ചത് കോട്ടയം എ.എസ്.പിയായിരുന്ന ഡോവലിനെയായിരുന്നു. ഡോവല്‍ തലശേരിയില്‍ ചുമതലയേറ്റ് ഒരാഴ്ചയ്ക്കകം എല്ലാം നിയന്ത്രണ വിധേയമായി.
കലാപം വ്യാപിക്കുന്നതും രക്തച്ചൊരിച്ചിലും തടയാന്‍ ഡോലവിനായി. കാശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പാക്കിയ ശേഷമുണ്ടാകാൻ സാധ്യതയുണ്ടായിരുന്ന എല്ലാ അനിഷ്ടസംഭവങ്ങളും മില്ലാതാക്കിയതും ഡോവലിന്റെ ഇടപെടലിൽ ആയിരുന്നു. 1968ബാച്ച് കേരളാകേഡര്‍ ഐ.പി.എസുദ്യോഗസ്ഥനായ ഡോവല്‍ കാബിനറ്റ് പദവിയോടെ രണ്ടാംവട്ടവും ദേശീയസുരക്ഷാ ഉപദേഷ്‌ടാവായി പ്രവര്‍ത്തിക്കുകയാണ്. ഏറ്റവും അവസാനം സമ്പൂര്‍ണ ലോക്കൗട്ടിനിടെയാണ് ആഗോള ഇസ്ലാമിക പ്രസ്ഥാനമായ തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ ആസ്ഥാനത്ത് കൊവിഡ് -19 പടര്‍ന്നുപിടിച്ചത്.
നിസാമുദ്ദീനിലെ മസ്ജിദില്‍ കയറാനും അകത്തുള്ളവരെ ഒഴിപ്പിക്കാനും ഡല്‍ഹി പൊലീസ് മടിച്ചുനിന്നപ്പോള്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടിന് ഡോവല്‍ പാഞ്ഞെത്തി. മര്‍ക്കസ് മേധാവി മൗലാന സാദിനെ അനുനയിപ്പിച്ച് എല്ലാവരെയും ഒഴിപ്പിച്ചു.ടി.പി.സെന്‍കുമാര്‍ ഡിജിപിയായിരിക്കെ ഡോവല്‍ രഹസ്യമായി തിരുവനന്തപുരത്തെത്തി. കല്യാണം കൂടാനെന്നാണ് പൊലീസുദ്യോഗസ്ഥര്‍ പോലുമറിഞ്ഞത്. കന്യാകുമാരിയിലെത്തി ഐ.ബി, റാ ഉദ്യോഗസ്ഥരുടെ യോഗത്തിനായിരുന്നു വരവ്. തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം വഴി ശ്രീലങ്കയില്‍ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം അടയ്ക്കുകയായിരുന്നു ലക്ഷ്യം.
പിന്നീട് ചാവേര്‍ സ്ഫോടനങ്ങളില്‍ ശ്രീലങ്കയില്‍ ചോരപ്പുഴയൊഴുകിയപ്പോള്‍ ഡോവലിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഗുണം രാജ്യംകണ്ടു.പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണത്തിലും ഡോവലിന്റെ തലയായിരുന്നു.വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമഭേദഗതിയെ ചൊല്ലി കലാപമുണ്ടായപ്പോള്‍ ഡോവല്‍ സമുദായനേതാക്കളുമായി ചര്‍ച്ചനടത്തി സ്ഥിതി നിയന്ത്രിച്ചു.അയോദ്ധ്യാവിധിയുടെ പശ്ചാത്തലത്തില്‍ ഹിന്ദു,മുസ്‌ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രതിഷേധങ്ങളൊഴിവാക്കി.
Post Your Comments