ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍, സാമൂഹിക അകലം എന്നിവയിലൂടെ നടക്കുന്നത് കോവിഡിന് എതിരായ യുദ്ധം. മറ്റു ലോകരാഷ്ട്രങ്ങള്‍ വിജയിക്കാത്ത ഈ യുദ്ധത്തില്‍ ഇന്ത്യവിജയിക്കുമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത്. ഏപ്രില്‍ 14 നകം ഇന്ത്യ കൊവിഡ് -19 വൈറസ് ശൃംഖല തകര്‍ക്കും, അല്ലെങ്കില്‍ പകര്‍ച്ചവ്യാധിയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക പ്രമാണമനുസരിച്ച് തയ്യാറാകുക അല്ലെങ്കില്‍ നശിക്കുക എന്നാണ്. എന്നാല്‍ കൊവിഡിന്റെ ഈ സമയത്ത് ഞങ്ങള്‍ അതിനെ തയ്യാറാകുക അല്ലെങ്കില്‍ സഹിക്കുക എന്നാക്കി പരിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഏപ്രില്‍ 14 നകം ലോക്ക് ഡൗണിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും വൈറസ് പടരുന്നത് നാം 100% തടയണം. വിളവെടുപ്പ് സീസണായതിനാല്‍ ഇന്ത്യക്ക് കൂടുതല്‍ നീട്ടിക്കൊണ്ടുപോകാനാവില്ല. സര്‍ക്കാരും ജനങ്ങളും ആവശ്യപ്പെടുന്ന നിലപാടുകള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സൈന്യം പൂര്‍ണമായും തയ്യാറാണ്’-ജനറല്‍ റാവത്ത് പറഞ്ഞു.
രോഗബാധിതരെ പരിചരിക്കുന്നതിനായി പതിനെട്ടോളം ആശുപത്രികള്‍ സൈന്യവും നാവികസേനയും വ്യോമസേനയും വിട്ട് നല്‍കിയിട്ടുണ്ട്. 15,000ത്തോളം പേര്‍ക്ക് പേര്‍ക്ക് ഇവിടങ്ങളില്‍ ചികിത്സ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കന്‍ ഇന്ത്യയില്‍ വൈറസ് പടര്‍ന്നിട്ടില്ലെങ്കിലും നാഗാലാന്‍ഡിലെ ദിമാപൂര്‍, സഖാമ തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ പോലും സൈനിക ആശുപത്രികള്‍ തയ്യാറാണ്. അണുബാധയെ ചികിത്സിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ഓരോ സോണിലും നിലവില്‍ രണ്ടോ മൂന്നോ ആശുപത്രികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈന്യവും ഡോക്ടര്‍മാരും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സൈനികകാര്യ സെക്രട്ടറി എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ജനറല്‍ റാവത്ത് പറഞ്ഞു.
Post Your Comments