തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സി.ഐ. ടി. യു. നേതാവും എല്‍. ഐ. സി ഏജന്റ്സ് സംഘടന നേതാവുമായ ഡോ.പി.ജി. ദിലീപ്കുമാറിന്റെ പോസ്റ്റ് വാസ്തവവിരുദ്ധമാണെന്ന് ഒടുവില്‍ ഫേസ്ബുക്ക് സമ്മതിച്ചു. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ ക്വറന്റീനില്‍ അയക്കുന്ന നടപടി വിജയിക്കാതെ വരുന്ന ഘട്ടത്തില്‍ കൊറോണ വ്യാപനം ലഘൂകരിക്കുന്നതിനായി മിറ്റിഗേഷന്‍ രീതി അവലംബിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് സര്‍ക്കാരിന് നല്‍കിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മിറ്റിഗേഷന്‍ രീതി പിഞ്ചുകുഞ്ഞുങ്ങളെയും അറുപത് കഴിഞ്ഞവരെയും മരണത്തിന് വിട്ടുകൊടുക്കുന്ന പരിപാടി ആണെന്ന് ദിലീപ്കുമാര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയായിരുന്നു.
കൊറോണ ചികിത്സാരീതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചരണം തടയണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി നേതാവ് ഒ.ബി. രാജേഷ് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഔദ്യോഗികമായി ഡിജിപിക്കും പരാതി നല്‍കി.കൊറോണ ചികിത്സാ രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ദിലീപിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ തയാറായിട്ടില്ല എന്നാണ് കോൺഗ്രസ് ആരോപണം .ഇതിനിടയില്‍ കൊറോണയെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളും പ്രചാരണവും കര്‍ശനമായി തടയാന്‍ ഫേസ് ബുക്ക് തീരുമാനമെടുത്തു.
ഇപ്രകാരം പരിശോധിച്ചപ്പോഴാണ് ദിലീപ്കുമാറിന്റെ വ്യാജവാര്‍ത്ത ശ്രദ്ധയില്‍പെടുന്നതും നടപടി എടുക്കുന്നതും.വസ്തുതാ പരിശോധന നടത്തിയ ശേഷം തെറ്റായ വാര്‍ത്ത ആണെന്ന് ഈ പോസ്ടിനോപ്പം ഫേസ്ബുക്ക് ചേര്‍ത്തു.ഇതോടെ ഷെയര്‍ ചെയ്ത എല്ലാവരുടേയും ഫേസ്ബുക്ക് വാളില്‍ പോസ്റ്റിനു മുകളില്‍ വിവരം തെറ്റാണെന്ന സന്ദേശവും ചേര്‍ക്കപ്പെടുകയാണ്.സംഭവം ഇത്രയൊക്കെ ആയിട്ടും വ്യാജപ്രചരണം നടത്തിയ ദിലീപ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
Post Your Comments